എക്സൈസ് പരീക്ഷയ്ക്കിടെ 11 ഉദ്യോഗാർഥികൾക്ക് ദാരുണാന്ത്യം
Monday, September 2, 2024 4:48 AM IST
റാഞ്ചി: ജാർഖണ്ഡിൽ എക്സൈസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റിന്റെ ശാരീരിക ക്ഷമത പരിശോധനയ്ക്കിടെ 11 ഉദ്യോഗാർഥികൾ മരിച്ചു. ശാരീരിക ക്ഷമത പരിശോധന ഓഗസ്റ്റ് 22 ന് റാഞ്ചി, ഗിരിദിഹ്, ഹസാരിബാഗ്, പലാമു, ഈസ്റ്റ് സിംഗ്ഭും, സാഹെബ്ഗഞ്ച് ജില്ലകളിലെ ഏഴ് കേന്ദ്രങ്ങളിലാണ് ആരംഭിച്ചത്.
പലാമുവിൽ നാല് പേരും ഗിരിദിഹ്, ഹസാരിബാഗ് എന്നിവിടങ്ങളിൽ രണ്ട് പേർ വീതവും റാഞ്ചിയിലെ ജാഗ്വാർ കേന്ദ്രത്തിലും ഈസ്റ്റ് സിംഗ്ഭൂമിലെ മൊസാബാനി, സാഹെബ്ഗഞ്ച് കേന്ദ്രങ്ങളിൽ ഒരാൾ വീതവും മരിച്ചതായി ഐജി (ഓപ്പറേഷൻസ്) അമോൽ വി. ഹോംകർ പറഞ്ഞു.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 30 വരെ ആകെ 1,27,772 ഉദ്യോഗാർഥികൾ ശാരീരിക ക്ഷമത പരിശോധനയ്ക്ക് ഹാജരായി. അതിൽ 78,023 പേർ വിജയിച്ചു.
എല്ലാ കേന്ദ്രങ്ങളിലും മെഡിക്കൽ ടീമുകൾ, മരുന്നുകൾ, ആംബുലൻസ്, മൊബൈൽ ടോയ്ലറ്റുകൾ, കുടിവെള്ളം എന്നിവ ഉൾപ്പെടെ മതിയായ ക്രമീകരണങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും ഹോംകർ പറഞ്ഞു.
അധികൃതരുടെ കെടുകാര്യസ്ഥത മൂലമാണ് മരണങ്ങൾ സംഭവിച്ചതെന്ന് ആരോപിച്ച് ബിജെപി യുവജനവിഭാഗം റാഞ്ചിയിലെ ആൽബർട്ട് എക്ക ചൗക്കിൽ ജെഎംഎം നേതൃത്വത്തിലുള്ള സർക്കാരിനെതിരെ പ്രകടനം നടത്തി.