ആന്ധ്രാപ്രദേശില്‍ കനത്ത മഴ: നിരവധി ട്രെയിനുകള്‍ റദ്ദാക്കി
Sunday, September 1, 2024 7:41 PM IST
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ശബരി എക്സ്പ്രസുള്‍പ്പെടെയുള്ള ട്രെയിനുകള്‍ റദ്ദാക്കി. കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളിൽ ശബരി എക്സ്പ്രസ് മാത്രമാണ് പൂർണമായി റദ്ദാക്കിയത്. കേരള എക്സ്പ്രസ് ഉള്‍പ്പെടെ ഏതാനും ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നതായും റെയില്‍വെ അറിയിച്ചു.
റദ്ദാക്കിയ ട്രെയിനുകള്‍
സെപ്റ്റംബര്‍ ഒന്നാം തീയ്യതി സെക്കന്തരാബാദില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 17230, സെക്കന്തരാബാദ് തിരുവനന്തപുരം ശബരി എക്സ്പ്രസ് പൂര്‍ണമായി റദ്ദാക്കി. സെപ്റ്റംബര്‍ മൂന്നാം തീയ്യതി തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 17229, തിരുവനന്തപുരം സെന്‍ട്രല്‍ സെക്കന്തരാബാദ് ശബരി എക്സ്പ്രസ് പൂര്‍ണമായി റദ്ദാക്കി.
വഴിതിരിച്ചു വിടുന്ന ട്രെയിനുകള്‍
ഓഗസ്റ്റ് 31ന് ന്യൂഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട, തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസ് നാഗ്പൂരിനും വിജയവാഡയ്ക്കും ഇടയിലുള്ള സ്റ്റോപ്പുകള്‍ ഒഴിവാക്കി വിജയനഗരം വഴി തിരിച്ചുവിടും. ഓഗസറ്റ് 31ന് കോര്‍ബയില്‍ നിന്ന് പുറപ്പെട്ട കോര്‍ബ കൊച്ചുവേളി എക്സ്പ്രസ് വാറങ്കല്‍, ആര്‍ക്കോണം വഴി തിരിച്ചുവിടും. ഓഗസ്റ്റ് 31ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട പാറ്റ്ന ജംഗ്ഷന് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് വിജയവാഡയ്ക്കും നാഗ്പൂരിനും ഇടയ്ക്ക് വഴിതിരിച്ചു വിടും.
മഴയുടെ പശ്ചാത്തലത്തില്‍ റെയില്‍വെ ചെന്നൈ ഡിവിഷന് പ്രത്യേക ഹെല്പ് ലൈന്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്. 04425354995, 04425354151 എന്നിവയാണ് നമ്പറുകള്‍.