ആരോപണങ്ങളുടെ ഗൗരവം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പാര്‍ട്ടിയാണ് സിപിഎം : ബിനോയ് വിശ്വം
Sunday, September 1, 2024 6:21 PM IST
തിരുവനന്തപുരം: പി.വി.അന്‍വർ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളുടെ ഗൗരവം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പാര്‍ട്ടിയാണ് സിപിഎം എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഡിജിപി മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന ആരോപണം ഗൗരവകരമാണ്.
അന്‍വര്‍ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്ത്തിയെങ്കില് അതും ഗൗരവമുള്ളതാണ്. ആരോപണങ്ങളുടെ ഗൗരവം ഉള്‍ക്കൊള്ളാനുള്ള കെല്‍പ്പ് സിപിഎമ്മിനുണ്ട്. എല്‍ഡിഎഫില്‍ പറയേണ്ടത് അവിടെ പറയും.
ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് നീക്കിയതിൽ സിപിഐക്ക് വ്യക്തമായ നിലപാടുണ്ട്. ഇ.പി - ജാവേദ്കർ കൂടിക്കാഴ്ച നടന്നപ്പോൾ തന്നെ നിലപാട് പറഞ്ഞിട്ടുണ്ട്. സിപിഐ - സിപിഎം വേദികളിലും അക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.