പാര്‍ട്ടിയില്‍ തുടരണോ എന്ന് തീരുമാനിക്കേണ്ടത് ജയരാജൻ: പി.കെ. കൃഷ്ണദാസ്
Saturday, August 31, 2024 10:18 PM IST
തിരുവനന്തപുരം: സിപിഎം നേതാവ് ഇ.പി. ജയരാജനെ ബിജെപിയിലേക്ക് ക്ഷണിച്ച് ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗം പി.കെ. കൃഷ്ണദാസ്. ജയരാജന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബിജെപി സംസ്ഥാന ഘടകം അത് ആലോചിക്കുമെന്ന് കൃഷ്ണദാസ് വ്യക്തമാക്കി.
പാര്‍ട്ടിയില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവുമായി സംസാരിച്ചതിന് പുറത്താക്കുകയെന്നത് നേരത്തെ സാമൂഹിക രംഗത്തുണ്ടായ അയിത്തം രാഷ്ട്രീയ രംഗത്തുമുണ്ടായിരിക്കുന്നു എന്നതാണ് സൂചിപ്പിക്കുന്നതെന്ന് കൃഷ്ണദാസ് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വേച്ഛാധിപത്യ നിലപാടുമായി ബന്ധപ്പെട്ടാണ് ഇ.പി. ഒതുക്കപ്പെടുന്നത്. കേരളത്തിന്റെ രാഷ്ട്രീയ രംഗത്ത് നിറ സാന്നിധ്യമായ ഇ.പി. ജയരാജന് ഒതുക്കപ്പെടേണ്ടയാളല്ല. ജയരാജന് തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.