മഹാരാഷ്ട്രയിൽ ട്രെയിനിൽ പശുവിറച്ചി കടത്തിയെന്നാരോപിച്ച് വയോധികന് ആൾക്കൂട്ട മർദനം
Saturday, August 31, 2024 8:23 PM IST
മുംബൈ: മഹാരാഷ്ട്രയിൽ ട്രെയിനിൽ പശുവിറച്ചി കടത്തിയെന്നാരോപിച്ച് വയോധികന് മർദനം. ജൽഗാവ് ജില്ല സ്വദേശിയായ അശ്റഫ് മുനിയാർ എന്ന വയോധികനാണ് മർദനമേറ്റത്. സംഭവത്തിൽ രണ്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ധൂലെ സ്വദേശികളാണ് പ്രതികൾ.
ധൂലെ എക്സ്പ്രസിൽ യാത്രചെയ്യുന്നതിനിടെയാണ് സംഭവം. വയോധികന്റെപക്കലുണ്ടായിരുന്ന പ്ലാസ്റ്റിക്ക് പെട്ടികളിൽ പശുവിറച്ചി ആണെന്ന് ആരോപിച്ച് ആളുകൾ ചോദ്യംചെയ്യുകയും മർദിക്കുകയുമായിരുന്നു.
പെട്ടിയിൽ എരുമ ഇറച്ചി ആണെന്നും സംഘം ആരോപിച്ചു. വയോധികനെ കൈയ്യേറ്റംചെയ്യുന്ന ദൃശ്യങ്ങൾ ഇവർ ഫോണിൽ ചിത്രീകരിക്കുകയുംചെയ്തിട്ടുണ്ട്.
പെട്ടികളിൽ മാംസമാണെന്നും തന്റെ മകളുടെ വീട്ടില പരിപാടിക്കായി കൊണ്ടുപോകുകയാണെന്നും വയോധികൻ യാത്രക്കാരോട് പറഞ്ഞു. എന്നാൽ മറുപടിയിൽ തൃപ്തിയില്ലാതെ ആൾക്കൂട്ടം ഇയാളെ ആക്രമിക്കുകയായിരുന്നു.
പശുക്കളെയും കാളകളെയും കശാപ്പുചെയ്യുന്നതിന് മഹാരാഷ്ട്രയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എരുമകളെ കശാപ്പുചെയ്യുന്നത് നിരോധിച്ചിട്ടില്ല.