ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റി; വോട്ടെടുപ്പ് ഒക്ടോബര്‍ അഞ്ചിന്
Saturday, August 31, 2024 7:03 PM IST
ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് മാറ്റി. ബിഷ്ണോയ് വിഭാഗത്തിന്റെ പരമ്പരാഗത ആഘോഷം കണക്കിലെടുത്താണ് തീരുമാനം. ഇതോടെ ഒക്ടോബര്‍ അഞ്ചിന് വോട്ടെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി.
ഒക്ടോബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കും. നേരത്തെ ഒക്ടോബര്‍ ഒന്നിനായിരുന്നു വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്. ആഘോഷങ്ങൾ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.
ഒക്ടോബര്‍ ഒന്നിന് മുന്‍പും പിന്‍പും അവധി ദിനങ്ങള്‍ വരുന്നുണ്ടെന്നും ഇത് പോളിംഗ് ശതമാനത്തെ ബാധിച്ചേക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് ബിജെപിയുടെ ഹരിയാന ഘടകം അധ്യക്ഷന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
ജമ്മുകാഷ്മീരിലെ വോട്ടെടുപ്പ് മാറ്റിയില്ലെങ്കിലും വോട്ടെണ്ണൽ തീയതി മാറ്റിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഹരിയാനയിലെ വോട്ടെണ്ണൽ ദിനമായ ഒക്ടോബര്‍ എട്ടിന് ജമ്മുകാഷ്മീരിലെയും വോട്ടുകൾ എണ്ണും.