മോഹന്‍ലാലിന്റെ പൂഴിക്കടകന്‍; കൂട്ടരാജി പൃഥ്വിരാജിനുള്ള മറുപടി?
സ്വന്തം ലേഖകന്‍
Wednesday, August 28, 2024 9:51 PM IST
കോഴിക്കോട്: അമ്മയിലെ കൂട്ടരാജി സംഘടനയെ എതിര്‍ത്തവര്‍ക്കും പുറമേനിന്ന് 'ഗോൾ' അടിച്ചവര്ക്കുമെതിരായ മറുപടിയെന്ന് വിലയിരുത്തല്‍. പുറമേനിന്ന് അഭിപ്രായം പറയാന്‍ സുഖമാണ്. സംഘടന നടത്തികൊണ്ട് പോകുന്നത് അതുപോലെയല്ല എന്ന മുന്നറിയിപ്പാണ് അമ്മയിലെ കൂട്ടരാജിയിലൂടെ വെളിവാക്കപ്പെട്ടത്.
പുതിയ നേതൃത്വം വരട്ടെ നമ്മള് ഇവിടൊക്കെതന്നെ കാണുമെന്ന മുന്നറിയിപ്പുകൂടിയാണ് രാജിയിലൂടെ ഭാരവാഹികള്‍ തങ്ങളുടെ എതിരാളികള്‍ക്ക് മുന്നില്‍ വച്ചിരിക്കുന്നത്. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നു സ്വയം ഒഴിയാന്‍ മോഹന്‍ലാല്‍ മുൻപേ തയാറായിരുന്നു. യുവ നേതൃത്വം വരട്ടെ എന്ന നിലപാടായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.
സിനിമ തിരക്കുകള്‍ക്കിടയില്‍ അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിച്ചുകൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തിന് നേരത്തെ അറിയാമായിരുന്നു. എന്നാല്‍ സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തുമെന്നുറപ്പായതോടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാകുമെന്ന പ്രതീക്ഷയായിരുന്നു മോഹന്‍ലാലിനുണ്ടായിരുന്നത്. എന്നാല്‍ ആരോപണങ്ങളില്‍ സിദ്ദിഖ് അടക്കം വീഴുകയും നടന് പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ അമ്മയ്ക്കെതിരേ തിരിയുകയും ചെയ്തതോടെ ഇനി നിങ്ങളുടെ തലമുറ കാര്യങ്ങള്‍ നോക്കിക്കൊള്ളൂവെന്ന നിലപാടിലേക്ക് സൂപ്പര്‍താരം എത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പൃഥ്വിരാജ് സ്വീകരിച്ച ‘വീഴ്ച'പരാമര്‍ശമാണ് കൂട്ടരാജിക്ക് വഴിയൊരുക്കിയതെന്നാണ് സിനിമാ മേഖലയിലെ സംസാരം. പൃഥ്വിരാജിന്റെ പരാമര്‍ശത്തിന് മുന്‍പ് വരെ പ്രശ്നങ്ങള്‍ കൂട്ടായി നേരിടണമെന്നായിരുന്നു അമ്മ ഭാരവാഹികളുടെ നിലപാട്. പൃഥ്വി വാര്‍ത്താസമ്മേളനത്തില്‍ അമ്മയ്ക്ക് വീഴ്ചസംഭവിച്ചു എന്ന് കൃത്യമായി പറഞ്ഞത് സംഘടനയെ നയിക്കുന്ന മോഹന്‍ലാലിനും ക്ഷീണമായി. ഇതോടെ താന്‍ എന്തായാലും സ്ഥാനം ഒഴിയുകയാണെന്നു മോഹന്‍ലാല്‍ മറ്റുള്ളവരെ അറിയിക്കുകയായിരുന്നു.
തുടര്‍ന്നാണ് ചിലഭാരവാഹികളുടെ വ്യക്തിപരമായ എതിര്‍പ്പിനിടയിലും സമ്പൂര്‍ണ രാജിയിലേക്ക് കാര്യങ്ങള്‍ എത്തിയത്. ദിലീപ് വിഷയത്തിലും സംഘടനയെ പൃഥ്വിരാജ് വിഷമഘട്ടത്തിലാക്കിയിരുന്നുവെന്ന വികാരവും ഉയര്‍ന്നുവന്നു. യുവനടന്മാരായ കുഞ്ചാക്കോ ബോബന്, പൃഥ്വിരാജ്, ടോവിനോ തുടങ്ങിയ ക്ലീന്‍ ഇമേജുള്ള യുവതാരങ്ങള്‍ നേതൃസ്ഥാനത്തേക്ക് വരട്ടെ എന്നാണ് ഇപ്പോള്‍ രാജിവച്ച ഭൂരിഭാഗം പേരുടെയും നിലപാട്.
സംഘടനചെയ്യുന്ന നല്ലകാര്യങ്ങളേക്കാള് ചര്‍ച്ചയാകുന്നത് വിവാദങ്ങളാണ് എന്നതിനാല്‍തന്നെ അമ്മയില്‍ ഭാരവാഹിത്വം വഹിക്കാന്‍ താല്പര്യമുള്ളവർ കുറവാണ്.