മുകേഷിനെതിരെ കൃത്യമായ അന്വഷണം നടക്കും; പാർട്ടി പ്രതിരോധത്തിലല്ലെന്നും കെ.എൻ. ബാലഗോപാൽ
Wednesday, August 28, 2024 4:31 PM IST
തിരുവനന്തപുരം: നടനും സിപിഎം എംഎൽഎയുമായ എം. മുകേഷിനെതിരേ ഉയർന്ന ലൈംഗികാരോപണത്തിൽ കൃത്യമായ അന്വേഷണം നടക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. മുകേഷിനെതിരായ ആരോപണത്തിൽ പാർട്ടി പ്രതിരോധത്തിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതെങ്കിലും കാര്യം മറയ്ക്കാനോ മായ്ക്കാനോ പാർട്ടിക്കും സർക്കാരിനും താത്പര്യമില്ല. വിഷയത്തിൽ സീനിയർ ഉദ്യോഗസ്ഥർ അടങ്ങിയ സംഘംത്തിന്റെ അന്വേഷണം വരുന്നുണ്ട്.
ഒരു കാര്യത്തിൽ മാത്രമല്ല അന്വേഷണം. ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച പൊതുവായ കാര്യങ്ങളിൽ അന്വേഷണം നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പല ആരോപണങ്ങളും വന്നു. അതിൽ ഏതാണ് വിശ്വസനീയമെന്ന് ഇപ്പോൾ പറയാൻ താൻ ആളല്ല. അന്വേഷണം നടക്കട്ടെയെന്നും വിവരങ്ങൾ പുറത്തുവരട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.