കങ്കണയുടെ വിവാദ പരാമർശങ്ങൾ ബിജെപിയുടെ തിരക്കഥയാണെന്ന് അഖിലേഷ് യാദവ്
Wednesday, August 28, 2024 1:33 AM IST
ലക്നോ: കർഷക പ്രതിഷേധങ്ങളെക്കുറിച്ചുള്ള ബിജെപി എംപി കങ്കണ റണാവത്തിന്റെ പരാമർശം ബിജെപിയുടെ തിരക്കഥയാണെന്ന് സമാജ്വാദ് പാർട്ടി നേതാവ് അഖിലേഷ് യാദവ്. കങ്കണ റണാവത്തിനെ രൂക്ഷമായി വിമർശിച്ച അഖിലേഷ് യാദവ്, ഇത് ബിജെപിയുടെ തിരക്കഥയാണെന്നും ഇത് ഒരു മുൻനിര സംവിധായകന്റെ നിർദ്ദേശപ്രകാരം ഒരു നടി ഡയലോഗായി വായിക്കുന്നതാണെന്നും കുറ്റപ്പെടുത്തി.
ഒരു കർഷക സംസ്ഥാനത്തെ കർഷക പ്രസ്ഥാനത്തെക്കുറിച്ച് അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുന്നത് അവരുടെ ഭാവിയെ തകർക്കുമെന്ന് ഒരു സാധാരണ രാഷ്ട്രീയക്കാരൻ മനസിലാക്കുമ്പോൾ, ബിജെപിയുടെ ചാണക്യൻ ഇത് മനസിലാക്കുന്നില്ലേയെന്ന് എക്സിൽ കുറിച്ച കുറിപ്പിൽ അഖിലേഷ് യാദവ് ചോദിച്ചു.
ഹിമാചൽപ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള പാർലമെന്റ് അംഗമായ കങ്കണ റണാവത്ത്, ഹിന്ദി ദിനപത്രമായ "ദൈനിക് ഭാസ്കറിന്' നൽകിയ അഭിമുഖത്തിന്റെ ഒരു ക്ലിപ്പ് എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.
അഭിമുഖത്തിനിടെ, കർഷക സമരത്തിനിടെ ബംഗ്ലദേശിലേതുപോലെയുള്ള സാഹചര്യം ഇന്ത്യയിൽ സംഭവിക്കാമായിരുന്നുവെന്ന് കങ്കണ അഭിപ്രായപ്പെട്ടു. വിദേശ ശക്തികൾ കർഷകരുടെ പ്രതിഷേധത്തിന് ആക്കംകൂട്ടിയെന്നും കർഷക പ്രക്ഷോഭത്തിനിടെ ബലാത്സംഗങ്ങൾ നടന്നതായും കങ്കണ ആരോപിച്ചിരുന്നു.
അതേസമയം, കങ്കണ നടത്തിയ പ്രസ്താവന പാർട്ടിയുടെ അഭിപ്രായമല്ലെന്നായിരുന്നു ബിജെപി നിലപാട്. പ്രസ്താവനയോട് ബിജെപിക്ക് വിയോജിപ്പുണ്ട്. പാർട്ടിയെ പ്രതിനിധീകരിച്ച് വിഷയത്തിൽ പ്രസ്താവന നടത്താൻ കങ്കണക്ക് അനുമതിയോ അധികാരമോ ഇല്ല. ഭാവിയിൽ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്ന് അവർക്ക് നിർദേശം നൽകിയതായും ബിജെപി പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.