ഒരു സംഘടന തകരുന്നത് കാണുന്നവർക്ക് രസമാണ്: ഗണേഷ് കുമാർ
Tuesday, August 27, 2024 11:48 PM IST
തിരുവനന്തപുരം : മോഹൻലാലും മമ്മൂട്ടിയും മാറിനിന്നാൽ അമ്മ എന്ന സംഘടനയെ നയിക്കാൻ ആർക്കും കഴിയില്ലെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. കഴിഞ്ഞ നാലുവർഷമായി സംഘടനയുമായി തനിക്ക് യാതൊരു ബന്ധവുമില്ല.
മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി എന്നിവരിൽ നിന്നും 50000 രൂപ വീതമെടുത്ത് തുടങ്ങിയ സംഘടനയായിരുന്നു അമ്മ. അമ്മയിലെ മുഴുവൻ പേർക്കും ഇൻഷ്വറൻസ് പരിരക്ഷയുണ്ട്. 130 ഓളം വരുന്ന ആളുകൾ 5000 രൂപ വെച്ച് പെൻഷൻ വാങ്ങുന്നുണ്ട്. ഇതൊക്കെ ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന് കണ്ടറിയണം.
ഒരു സംഘടന തകരുന്നത് കാണുന്നവർക്ക് രസമാണ്. പക്ഷേ തനിക്ക് ഏറെ ഹൃദയ വേദന തോന്നിയെന്നും ഗണേഷ് കുമാർ പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിനിമയിലുണ്ടായ വെളിപ്പെടുത്തലിലും ലൈംഗികാതിക്രമ പരാതികൾക്കും പിന്നാലെയാണ് മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചത്.