യുവനടനെതിരേയുള്ള ആരോപണം: കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് സോണിയ മല്‍ഹാര്‍
Tuesday, August 27, 2024 12:19 PM IST
കൊച്ചി: യുവ നടനെതിരേയുള്ള ആരോപണത്തില്‍ കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് നടി സോണിയ മല്‍ഹാര്‍. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സോണിയ മല്‍ഹാറിനെ എസ്പി പൂങ്കുഴലി വിളിച്ചു സംസാരിച്ചിരുന്നു. എന്നാല്‍ കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നുവെന്ന് സോണിയ പറഞ്ഞു.
2013 ല്‍ അന്നത്തെ സൂപ്പര്‍സ്റ്റാര്‍ തന്നെ കടന്നുപിടിച്ചെന്നായിരുന്നു നടി സോണിയ മല്‍ഹാറിന്റെ ആരോപണം. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു ദുരനുഭവമെന്ന് സോണിയ മല്‍ഹാര്‍ പറയുന്നു.
പിന്നില്‍നിന്നും അപ്രതീക്ഷിതമായി കടന്നുപിടിക്കുകയായിരുന്നു. പിന്നീട് മാപ്പ് പറഞ്ഞ് നടന് തലയൂരിയെന്ന് സോണിയ മല്‍ഹാര്‍ ആരോപിക്കുന്നു. നോ പറഞ്ഞത് കൊണ്ട് മാത്രം നിരവധി അവസരങ്ങള്‍ നഷ്ടമായെന്നും സിനിമയില്‍ മദ്യവും മയക്കുമരുന്നുമുണ്ടെന്നും സോണിയ മല്‍ഹാര്‍ പറയുന്നു.
ബ്ലെസിയുടെ സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് ഒരു സംഘം കബളിപ്പിച്ചെന്നും സോണിയ മല്‍ഹാര്‍ ആരോപിച്ചു. 2019 ബ്ലെസിയുടെ സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് ശസ്ത്രക്രിയ ചെയ്യിപ്പിച്ചു എന്നാണ് സോണിയ മല്‍ഹാര്‍ ആരോപിക്കുന്നത്. വണ്ണം കുറയ്ക്കാന്‍ ശസ്ത്രക്രിയ ചെയ്ത ശേഷമാണ് തട്ടിപ്പ് മനസിലായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.