ഹോട്ടല്‍ മുറിയില്‍വച്ച് ശല്യം ചെയ്തു; തുളസീദാസിനെതിരേ ആരോപണവുമായി ഗീതാ വിജയന്
Monday, August 26, 2024 12:56 PM IST
കൊച്ചി: സംവിധായകൻ തുളസീദാസിനെതിരെ ഗുരുതര ആരോപണവുമായി നടി ഗീതാ വിജയന്. ഹോട്ടൽ മുറിയിൽ വച്ച് പലതവണ ശല്യം ചെയ്തെന്നും എതിർത്തപ്പോൾ പ്രതികാരബുദ്ധിയോടെ പെരുമാറിയെന്നുമാണ് ആരോപണം.
1991 ൽ ചാഞ്ചാട്ടം സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ദുരനുഭവമാണ് നടി പങ്കുവച്ചത്. തുളസീദാസ് ഹോട്ടൽമുറിയുടെ ബെല്ലടിച്ച് നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്നു.
മൂന്ന് ദിവസം തുടർച്ചയായി ബുദ്ധിമുട്ടിച്ചു. താൻ ചീത്ത വിളിച്ചപ്പോൾ ഓടിപ്പോയി. പിന്നീട് സെറ്റിൽ വെച്ച് പ്രതികാര ബുദ്ധിയോടെ പെരുമാറി. നൊട്ടോറിയസ് ഡയറക്ടറെന്നാണ് എല്ലാവരും അയാളെ വിളിച്ചിരുന്നതെന്നും ഗീത പറഞ്ഞു.
മോശം പെരുമാറ്റത്തെ എതിര്‍ത്താല്‍ സിനിമയില്‍ അവസരങ്ങള്‍ നഷ്ടമാകും. സ്ത്രീകളായാലും പുരുഷൻമാരായാലും ഇത്തരം കാര്യങ്ങളെ എതിർക്കുന്നവർക്ക് അവസരം നഷ്ടപ്പെടും. പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ മൊഴി നല്കാന് താൻ തയാറാണെന്നും അവർ പ്രതികരിച്ചു.