വിവാദങ്ങള്‍ക്കിടെ "അമ്മ' എക്സിക്യൂട്ടീവ് യോഗം മാറ്റി
Monday, August 26, 2024 11:11 AM IST
കൊച്ചി: ചൊവ്വാഴ്ച നടത്താനിരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗം മാറ്റിവച്ചു. നേരിട്ട് പങ്കെടുക്കാന്‍ മോഹന്‍ലാലിന് അസൗകര്യമുള്ളതിനാലാണ് തീരുമാനം. അടുത്ത യോഗതീയതി വൈകാതെ അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.
നേരത്തെ, ജനറല്‍ സെക്രട്ടറിയുടെ താത്കാലിക ചുമതലയുള്ള ബാബുരാജിന്റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ യോഗം ചേരാനായിരുന്നു തീരുമാനം. ലൈംഗിക പീഡാരോപണങ്ങളിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാനും പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കാനുമായിരുന്നു യോഗം.
സിനിമ രംഗത്ത് നിന്നും ദുരനുഭവമുണ്ടായതായി കൂടുതല്‍ നടികള്‍ വെളിപ്പെടുത്തിയതോടെ "അമ്മ' സംഘടന വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ലൈംഗികാരോപണത്തിനു പിന്നാലെ സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചതും കനത്ത തിരിച്ചടിയായി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഭിന്നാഭിപ്രായങ്ങള്‍ സംഘടനയ്ക്കുള്ളില്‍ ഉടലെടുത്തിട്ടുണ്ട്.
അമ്മയുടെ ബൈലോ അനുസരിച്ച് 11 അംഗ എക്സിക്യൂട്ടീവില്‍ നിന്നു വേണമെങ്കിലും ഒരാളെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാം. സുരേഷ് കൃഷ്ണ, ജോയ് മാത്യു, ടൊവിനോ തോമസ്, ഷാജോണ്‍, ടിനി ടോം, വിനു മോഹന്‍, ജോമോള്‍, അനന്യ, അന്‍സിബ, സരയു എന്നിവരാണ് എക്സിക്യൂട്ടീവിലുള്ളത്. എന്നാല്‍ നടന് ജഗദീഷ് സെക്രട്ടറിയായേക്കുമെന്നാണ് സൂചന.