വനിതാ ഡോക്ടറുടെ കൊലപാതകം; പ്രതിയുടെ നുണപരിശോധന നടത്തി
Sunday, August 25, 2024 10:07 PM IST
കോൽക്കത്ത: ആർ.ജി.കർ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പ്രതിയുടെ നുണപരിശോധന നടത്തി. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ആറ് പേരുടെ നുണ പരിശോധന കഴിഞ്ഞ ദിവസം നടത്തിയിരുന്നു.
കോൽക്കത്ത പ്രസിഡൻസി ജയിലിലാണ് പ്രതി സജ്ഞയ് റോയിയെ നുണപരിശോധനക്ക് വിധേയനാക്കിയത്. കേന്ദ്ര ഫൊറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്നുള്ള സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു നുണപരിശോധന.
ഉച്ചക്ക് പന്ത്രണ്ടിന് ആരംഭിച്ച നുണപരിശോധന മൂന്നേ മുക്കാൽ മണിക്കൂർ നീണ്ടു. നിലവിൽ സജ്ഞയ് റോയ്ക്ക് മാത്രമേ കുറ്റകൃത്യത്തിൽ പങ്കുള്ളൂവെന്നാണ് സിബിഐയുടെ വിലയിരുത്തല്‍. നുണ പരിശോധനാ ഫലം വരുന്നതോടെ ഈ കാര്യത്തിലും വ്യക്തത കൈവരും.
ആർ.ജി. കർ ആശുപത്രിയിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, സംഭവം നടന്ന ദിവസം വനിതാ ഡോക്ടറുടെ കൂടെ അത്താഴം കഴിച്ചു എന്ന് ആരോപിക്കപ്പെടുന്ന നാല് ഡോക്ടർമാർ, മറ്റൊരു സിവിൽ വോളന്റിയർ എന്നിവരുടെ നുണപരിശോധന കഴിഞ്ഞ ദിവസം സിബിഐ നടത്തിയിരുന്നു.