സെറ്റിൽ വച്ച് യുവ സൂപ്പർസ്റ്റാർ കടന്നുപിടിച്ചു, പിന്നീട് മാപ്പുപറഞ്ഞ് തലയൂരി: ആരോപണവുമായി നടി സോണിയ മൽഹാർ
Sunday, August 25, 2024 1:23 PM IST
തിരുവനന്തപുരം: മലയാളത്തിലെ യുവനടനെതിരേ ഗുരുതര ആരോപണവുമായി നടി സോണിയ മല്‍ഹാര്‍. തൊടുപുഴയിലെ ലൊക്കേഷനിൽ വച്ച് നടൻ പിന്നിൽ നിന്നും അപ്രതീക്ഷിതമായി കടന്നുപിടിക്കുകയായിരുന്നുവെന്നും പിന്നീട് മാപ്പ് പറഞ്ഞ് തലയൂരിയെന്നും സോണിയ മല്‍ഹാര്‍ ആരോപിക്കുന്നു.
2013-ല്‍ ജൂനിയർ ആർട്ടിസ്റ്റായി ലൊക്കേഷനില്‍ എത്തിയപ്പോഴായിരുന്നു ദുരനുഭവമെന്ന് സോണിയ മല്‍ഹാര്‍ പറയുന്നു. ഓഫീസ് സ്റ്റാഫിന്റെ വേഷമായിരുന്നു തനിക്ക്. മേക്കപ്പ് ചെയ്ത ശേഷം ടോയ്ലറ്റില് പോയി തിരികെവരുന്ന വഴി ഈ സൂപ്പര്‍സ്റ്റാര്‍ പിന്നിൽനിന്ന് കയറിപ്പിടിച്ചു. ആദ്യമായാണ് അയാളെ കാണുന്നത്. വളരെ ആരാധനയോടെ കണ്ടിരുന്ന വ്യക്തിയാണ് പെട്ടെന്ന് ഇങ്ങനെ മോശമായി പെരുമാറിയത്.
ആദ്യം പേടിച്ചുപോയി. അയാളെ തള്ളിമാറ്റിയ ശേഷം, എന്തിനാണ് ഇങ്ങനെ ചെയ്തത് എന്ന് ചോദിച്ചു. താൻ നോക്കിക്കോളാം, സിനിമയില്‍ ഒരുപാട് അവസരം തരാം എന്നൊക്കെ അയാൾ പറഞ്ഞു. തനിക്ക് സിനിമയില്‍ അഭിനയിക്കേണ്ട എന്ന് പറഞ്ഞപ്പോള്‍ ഒരു നിമിഷത്തില്‍ അങ്ങനെ തോന്നിയതാണ് എന്ന് പറഞ്ഞ് ആ താരം മാപ്പ് പറഞ്ഞതായും സോണിയ വ്യക്തമാക്കി.
അയാളുടെ പേര് താൻ പറയുന്നില്ല. അയാള്‍ ഇപ്പോള്‍ കുടുംബമായി സുഖമായി ജീവിക്കുകയാണ്. ഇതറിഞ്ഞ് അവര്‍ക്ക് പ്രശ്നമൊന്നും ഉണ്ടാവരുതെന്നും നടി പറഞ്ഞു. നോ പറഞ്ഞത് കൊണ്ട് മാത്രം നിരവധി അവസരങ്ങള്‍ നഷ്ടമായെന്നും ഇപ്പോഴും സെറ്റിലേക്ക് പോകാന്‍ ഭയമാണെന്നും സോണിയ കൂട്ടിച്ചേർത്തു.