സേനയിൽ അച്ചടക്ക നടപടിയുടെ പേരിൽ ക്രൂരമായ വേട്ടയാടൽ; പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ
Friday, August 23, 2024 10:18 AM IST
തിരുവനന്തപുരം: സേനയിൽ ഇപ്പോഴും കൊളോണിയൽ സംസ്കാരം നിലനിൽക്കുന്നെന്ന് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ. അച്ചടക്ക നടപടിയുടെ പേരിൽ ക്രൂരമായ വേട്ടയാടലാണ് നടക്കുന്നതെന്നും കോഴിക്കോട് നടക്കുന്ന അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ഒരു ചെറിയ വീഴ്ചക്കു പോലും കടുത്ത നടപടിയാണ് ഉണ്ടാവുന്നത്. വകുപ്പുതല അന്വേഷണ സമയത്ത് പോലീസുദ്യോഗസ്ഥർ അനുഭവിക്കുന്നത് കടുത്ത മാനസിക പീഡനമാണ്. പല ജില്ലകളിലും പല രൂപത്തിലുള്ള ശിക്ഷണ നടപടിയാണ്.
കോടിയേരിയുടെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ട് മരിച്ച പ്രവീണിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും പത്തു ലക്ഷം നൽകിയത് വിവാദമാക്കിയത് വേദനാജനകമാണ്. ഇതേതുടർന്ന് ജോലിക്കിടെ മരിച്ച ഏഴ് ഉദ്യോഗസ്ഥർക്കുള്ള ധനസഹായം ഇനിയും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വിഴിഞ്ഞത്തിന് പ്രത്യേക സബ് ഡിവിഷനും പോലീസ് സ്റ്റേഷനും അനുവദിക്കണമെന്ന ആവശ്യവും റിപ്പോർട്ടിൽ ഉന്നയിച്ചിട്ടുണ്ട്. ജോലിഭാരം കാരണം പോലീസുകാർക്ക് കടുത്ത മാനസിക സമ്മർദ്ദമാണുള്ളത്. 56 വയസ് എത്തുന്നതിന് മുമ്പ് പലരും മരിക്കുന്നുവെന്നും കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയം ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.