കൈവെട്ട് കേസ്; മുഖ്യപ്രതിക്ക് ഒളിത്താവളം ഒരുക്കിയ ആൾ പിടിയിൽ
Thursday, August 22, 2024 10:54 PM IST
കണ്ണൂർ : മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകൻ പ്രഫ.ടി.ജെ.ജോസഫിന്റെ കൈവെട്ടിയ കേസിൽ നിർണായക നീക്കവുമായി എൻഐഎ. കേസിലെ പ്രതി മുഖ്യപ്രതി സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ച ഇരിട്ടി വിളക്കോട് സ്വദേശിയെ എൻഐഎ കസ്റ്റഡിയിലെടുത്തു.
തലശേരിയിൽ നിന്നാണ് ഇയാളെ എൻഐഎ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് എൻഐഎ അറിയിച്ചു. കൃത്യമായ തെളിവുകൾ ലഭിച്ചശേഷം അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാവുകയുള്ളൂ എന്നും എൻഐഎ വ്യക്തമാക്കി.
പതിമൂന്നു വർഷം ഒളിവിൽ കഴിയുന്നതിനിടെ സവാദ് കണ്ണൂരിൽ നിന്നാണ് പിടിയിലായത്. മരപ്പണിക്കാരനായി കഴിയുകയായിരുന്ന ഇയാളെ കഴിഞ്ഞ ജനുവരിയിലാണ് അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് ഒളിവിൽ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
2010 ജൂലൈ നാലിനാണ് ചോദ്യപ്പേപ്പറിൽ മതനിന്ദ ആരോപിച്ച് പ്രഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി സവാദിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിയത്.