നടുറോഡില്‍ യുവതിയെ മര്‍ദിച്ച സംഭവം; യുവാവിനെതിരേ കേസെടുത്തു
Thursday, August 22, 2024 1:09 PM IST
കൊച്ചി: വൈറ്റിലയില്‍ നടുറോഡില്‍ യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ യുവാവിനെതിരേ പോലീസ് കേസെടുത്തു. തൈക്കൂടം സ്വദേശി അരുണിനെതിരേയാണ് മരട് പോലീസ് കേസെടുത്തത്.
സംഭവത്തില്‍ യുവതിക്ക് പരാതിയില്ലെന്ന് പോലീസിനെ അറിയിച്ചിരുന്നെങ്കിലും യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അരുണിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
എരൂര്‍ സ്വദേശിയായ യുവതിയും അരുണും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നവരാണ്. യുവതി സുഹൃത്തുക്കള്‍ക്കൊപ്പം പോയ ശേഷം പുലര്‍ച്ചെ എത്തിയതിലുള്ള തര്‍ക്കമാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. മര്ദിച്ചവരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
വൈറ്റില ജനത റോഡില്‍ ബുധനാഴ്ച പുലര്‍ച്ചെ 4.30 ഓടെ ആയിരുന്നു സംഭവം. എരൂര്‍ സ്വദേശിയായ യുവതി ബ്യൂട്ടി പാര്‍ലര്‍ നടത്തുകയാണ്. ചൊവ്വാഴ്ച ജോലിക്കു പോയ ഇവര്‍ ബുധനാഴ്ച പുലര്‍ച്ചയോടെയാണ് തിരികെ എത്തിയത്.
ഇത് ചോദ്യംചെയ്ത് തുടങ്ങിയ സംസാരം ആക്രമണത്തിലേക്ക് എത്തുകയായിരുന്നു. ബഹളം കേട്ട് പ്രദേശവാസികള്‍ എത്തിയെങ്കിലും ആരും ഇടപെട്ടില്ല. യുവാവിനൊപ്പം മൂന്ന് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു.