യുക്രെയ്ന് ഷെല്ലാക്രമണം; തൃശൂര്‍ സ്വദേശി കൊല്ലപ്പെട്ടു
Sunday, August 18, 2024 10:36 PM IST
തൃശൂര്‍: റഷ്യന്‍ സൈനിക സംഘത്തിനു നേരെയുണ്ടായ യുക്രെയ്ന് ഷെല്ലാക്രമണത്തില്‍ തൃശൂര്‍ സ്വദേശിയായ യുവാവ് കൊല്ലപ്പെട്ടു. റഷ്യന്‍ സൈന്യത്തോടൊപ്പമുണ്ടായിരുന്ന നായരങ്ങാടി സ്വദേശി സന്ദീപ് (36) ആണ് മരിച്ചത്.
കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് സന്ദീപും മറ്റു ഏഴു പേരും റഷ്യയിലേക്ക് പോയത്. മോസ്കോയില്‍ റസ്റ്റോറന്റിൽ ജോലിയെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. പിന്നീട് റഷ്യന്‍ സൈനിക ക്യാമ്പിലെ കാന്റീനിലാണ് ജോലിയെന്നും സുരക്ഷിതനാണെന്നും അറിയിച്ചിരുന്നു.
പിന്നീട് വിളിച്ചപ്പോള്‍ പാസ്പോര്‍ട്ടും ഫോണും കളഞ്ഞുപോയെന്ന് പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ സന്ദീപ് റഷ്യന്‍ പൗരത്വം സ്വീകരിച്ചതായും സൈന്യത്തില്‍ ചേര്‍ന്നതായും വിവരമുണ്ട്. പൗരത്വം ലഭിക്കുന്നതിന് സൈന്യത്തില്‍ ചേരുന്ന സമ്പ്രദായം റഷ്യയിലുണ്ട്.
റഷ്യയിലെ റൊസ്തോവില്‍ സന്ദീപ് ഉള്‍പ്പെട്ട സംഘത്തിനു നേരെ ആക്രമണമുണ്ടായെന്ന് റഷ്യന്‍ മലയാളി ഗ്രൂപ്പുകളില്‍ വാട്സാപ്പ് സന്ദേശം പ്രചരിച്ചതോടെയാണ് വിഷയം നാട്ടിലറിയുന്നത്. ശനി, ഞായര്‍ ദിവസങ്ങള്‍ എംബസി അവധിയായതിനാല്‍ അധികൃതരുടെ അറിയിപ്പ് അടുത്ത ദിവസമേ ലഭിക്കൂ.