വനിതാ ഡോക്ടറുടെ കൊലപാതകം; ബംഗാൾ ഗവർണർ അമിത്ഷായെ കാണും
Sunday, August 18, 2024 9:58 PM IST
കോൽക്കത്ത: വനിതാ ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ ബംഗാൾ ഗവർണർ സി.വി.ആനന്ദ ബോസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കാണാൻ സമയം തേടി. ബംഗാളിൽ ചങ്ങലയ്ക്ക് ഭ്രാന്ത് പിടിച്ച അവസ്ഥയാണെന്നും സ്ത്രീത്വത്തിന് അപമാനകരമായ സംഭവമാണ് നടന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേന്ദ്ര സർക്കാരിനെ കാര്യങ്ങൾ അപ്പപ്പോൾ അറിയിക്കുന്നുണ്ടെന്നും ഗവര്‍ണറെന്ന നിലയിൽ ഭരണഘടനാ പദവി ഉപയോഗിച്ച് എന്ത് ചെയ്യുമെന്നത് ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെത്തുന്ന ഗവർണർ ആരോഗ്യമന്ത്രി ജെ.പി.നദ്ദയെയും കാണും.
ഡോക്ടറുടെ കൊലപാതകത്തിൽ എത്രയും വേഗത്തിൽ നടപടി സ്വീകരിക്കുക, സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് മുന്നിൽ ഡോക്ടർമാർ സമരം തുടങ്ങി.