യുഎസിൽ കാറുകള്‍ കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം
Sunday, August 18, 2024 6:18 PM IST
വാഷിംഗ്ടൺ : യുഎസിലെ ടെക്സാസിൽ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇന്ത്യൻ വംശജരായ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ലിയാൻഡറിലെ താമസക്കാരായ അരവിന്ദ് മണി (45), ഭാര്യ പ്രദീപ അരവിന്ദ് (40), മകൾ ആൻഡ്രിൽ അരവിന്ദ് (17) എന്നിവരാണ് മരിച്ചത്.
മകന് ആദിര്യാന് (14) അപകടസമയത്ത് ഇവര്‍ക്കൊപ്പമില്ലായിരുന്നു. ഇനി ഈ കുടുംബത്തിൽ അവശേഷിക്കുന്ന ഏക അംഗം ആദിര്യാനാണ്. അരവിന്ദിന്റെ കാറിലേക്ക് ഇടിച്ചു കയറിയ കാറിലുണ്ടായിരുന്ന രണ്ടുപേരും മരിച്ചു.
എതിരെ വന്ന കാറിന്റെ ടയർ പൊട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അപകടസമയത്ത് അരവിന്ദും കുടുംബവും സഞ്ചരിച്ച കാര്‍ 112 കിലോമീറ്റര്‍ വേഗത്തിലും ഇവരുടെ വാഹനത്തിലേക്ക് ഇടിച്ച കാര്‍ 160 കിലോമീറ്റര്‍ വേഗത്തിലുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.