ഉള്ളു ചുട്ടുപൊള്ളിച്ച നജീബേ... നിങ്ങളാണ് മികച്ച നടൻ
Friday, August 16, 2024 12:43 PM IST
തിരുവനന്തപുരം: ആടുജീവിതത്തിലെ നജീബിനെ ഒരു തവണ കണ്ടവർക്ക് മനസിൽ നിന്നും മാറ്റിനിർത്താൻ പറ്റുമോ ഇല്ല, കാരണം കണ്ടവരുടെയും കേട്ടവരുടെയും മനസ് ചുട്ടു പൊള്ളിച്ചാണ് പൃഥ്വിരാജ് എന്ന നടൻ ഓരോരുത്തരെയും മടക്കിയത്.
കണ്ണീർ ധാരയായി ഒഴുകിയവരുണ്ട്, പിടിച്ചു നിർത്തിയവരുണ്ട്, എവിടെയോ എന്തോ വിഷമം കൊണ്ട് മുറിവേറ്റവരുണ്ട്. ഇങ്ങനെയൊക്കെ സംഭവിച്ചപ്പോൾ ആ മനുഷ്യനല്ലാതെ വേറേയാരാണ് ഈ അംഗീകാരത്തിന് ഏറ്റവും അർഹനായിട്ടുള്ളത്.
മരുഭൂമിയിലെ ചൂടും മേലു മുഴുവൻ പറ്റിപ്പിടിച്ച പൊള്ളുന്ന മണലും ഇതിനിടയിൽ പെട്ടുപോകുന്ന നജീബും. കണ്ടിരിക്കുന്നവരുടെ പോലും തൊണ്ട വരളുന്ന, ഒരു തുള്ളി വെള്ളം കുടിക്കണമെന്നു തോന്നിപ്പോകുന്ന സാഹചര്യം വന്നാൽ പൃഥ്വിരാജിനെയല്ലാതെ ആരെ മികച്ച നടൻ എന്നു വിളിക്കും.
മലയാളത്തിൽ സമീപകാലത്ത് ഏറ്റവുമധികം വായിക്കപ്പെടുന്ന സാഹിത്യകാരനായ ബെന്യാമിന്റെ ‘ആടുജീവിതത്തെ ആധാരമാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രം. മണലാരണ്യങ്ങളിൽ ചിന്തിയ കണ്ണീരിന്റെ കഥ പറയുമ്പോൾ പൃഥ്വിരാജിനല്ലാതെ ആർക്കാണ് ഇത് ചെയ്യാൻ കഴിയുക.
മലയാളത്തിൽ ഏറ്റവുമധികം നാളുകൾ ചിത്രീകരണം നീണ്ടുപോയ സിനിമകളിലൊന്നാണ് ആടുജീവിതം. നാലരവര്‍ഷം നീണ്ടുനിന്ന ചിത്രീകരണം കഴിഞ്ഞ വർഷം ജൂലൈ14-നാണ് അവസാനിച്ചത്.
2018 മാർച്ചിലാണ് ബ്ലെസിയുടെ സംവിധാനത്തില്‍ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. പത്തനംതിട്ടയിലായിരുന്നു തുടക്കം. പിന്നീട് പാലക്കാട്ട് കുറച്ചു ഭാഗങ്ങൾ ചിത്രീകരിച്ചു. അതേ വര്‍ഷം ജോര്‍ദ്ദാനിലും ചിത്രീകരണം നടന്നു.
അവിടെ 30 ദിവസത്തോളം വര്‍ക്കുണ്ടായിരുന്നു. അതിനുശേഷം 2019 ല്‍ ജോര്‍ദ്ദാനിലേക്കു പോകാന്‍ പദ്ധതിയിട്ടെങ്കിലും പൃഥ്വിയുടെ ഡേറ്റ് ക്ലാഷ് കാരണം ഷൂട്ടിംഗ് മാറ്റിവച്ചു.
പിന്നീട് 2020 ലാണ് ജോര്‍ദ്ദാനിലെത്തുന്നത്. അത്തവണ അള്‍ജീരിയ ഷെഡ്യൂള്‍ കൂടി പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് 65 ദിവസത്തോളം ബ്ലെസിയും സംഘവും ജോർദാനില്‍ കുടുങ്ങി കിടക്കേണ്ടിവന്നു.
രണ്ടര മാസത്തിനു ശേഷം 2020 മേയ് 22നാണ് സംഘം പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിയത്. അതിനിടെ സിനിമയുടെ പ്രധാന ഭാഗങ്ങൾ ജോർദാനിൽ ചിത്രീകരിച്ചിരുന്നു. ജോർദാനിലെ ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷമായിരുന്നു സംഘത്തിന്റെ മടക്കം.
പിന്നീട് ഒരു വർഷം കോവിഡ് കാരണം ഷൂട്ടിംഗ് നടന്നില്ല. അതിനിടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നുണ്ടായിരുന്നു.
2022 മാര്‍ച്ച് 16ന് സഹാറ, അൾജീരിയ എന്നിവിടങ്ങളിൽ ചിത്രീകരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങി. മാര്‍ച്ച് 31ന് പൃഥ്വിരാജ് ലൊക്കേഷനില്‍ എത്തി. കോവിഡ് പശ്ചാത്തലത്തില്‍ ജോര്‍ദാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചത് ചിത്രീകരണം തടസപ്പെടുത്തിയിരുന്നു.
ഏപ്രില്‍ ഒന്നിന് നിര്‍ത്തിവച്ച ചിത്രീകരണം പിന്നീട് ഏപ്രില്‍ 24ന് ജോര്‍ദാനിലെ വാദിറാമില്‍ ആണ് ആരംഭിച്ചത്. നാല്പതു ദിവസം സഹാറ മരുഭൂമിയിലും 35 ദിവസത്തോളം ജോര്‍ദാനിലെ വാദിറാമിലും ആണ് ചിത്രീകരണം നടന്നത്. ജൂൺ 16ന് പൃഥ്വിരാജ് തിരികെ നാട്ടിലെത്തി.