മിഷൻ അർജുൻ; ഡ്രഡ്ജർ തിങ്കളാഴ്ചയെത്തും
Wednesday, August 14, 2024 5:31 PM IST
ബംഗളൂരു: ഷിരൂരിൽ മണ്ണിടിഞ്ഞു വീണ് കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്തുന്നതിനായി ഡ്രഡ്ജർ എത്തിക്കും. ഗോവയിൽ നിന്ന് ജലമാർഗം തിങ്കളാഴ്ച ഡ്രഡ്ജർ എത്തിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു.
ഗോവയിൽ നിന്ന് ഡ്രഡ്ജർ കാലതാമസം കൂടാതെ എത്തിക്കാനും തീരുമാനമായി. നദി മാർഗമാണ് എത്തിക്കുകയെന്നും എ.കെ.എം.അഷ്റഫ് എംഎൽഎ പറഞ്ഞു. ഇതിനായുള്ള ചെലവ് ജില്ലാ ഭരണകൂടം വഹിക്കുമെന്നും സതീഷ് സെയിൻ എംഎൽഎ 25 ലക്ഷം വാഗ്ദാനം ചെയ്തതായും എ.കെ.എം.അഷ്റഫ് എംഎൽഎ പറഞ്ഞു.
ഡ്രഡ്ജർ എത്തിക്കുന്നതിനായി 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. 22 ലക്ഷം രൂപയാണ് ട്രാൻപോർട്ടേഷൻ ചെലവായി കണക്കാക്കുന്നത്. ബാക്കി തുക ഡ്രഡ്ജറിന് വാടകയിനത്തിലും നൽകണം. ദിനം പ്രതി നാലു ലക്ഷം രൂപയാണ് വാടക വരുന്നത്.
ഡ്രഡ്ജർ എത്തിച്ച് മണ്ണ് നീക്കാതെ തെരച്ചിൽ മുന്നോട്ട് പോകില്ലെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. നേരത്തെ തൃശൂരിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാൻ ശ്രമിച്ചെങ്കിലും പുഴയുടെ അടിയൊഴുക്ക് കൂടിയതിനാൽ എത്തിക്കാനായില്ല.