മദ്യനയ അഴിമതി: കേജരിവാളിന് തിരിച്ചടി; ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
Wednesday, August 14, 2024 12:45 PM IST
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. സിബിഐ കേസിലെ ജാമ്യഹർജിയാണ് തള്ളിയത്. സിബിഐ അറസ്റ്റ് ശരിവച്ച ഡൽഹി ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്താണ് കേജരിവാൾ സുപ്രീംകോടതിയെ സമീപിച്ചത്.
കേജരിവാളിന്റെ ജാമ്യാപേക്ഷയെ എതിർത്ത സിബിഐയോട് ഹർജിയില്‍ സുപ്രീം കോടതി വിശദീകരണം തേടി. സിബിഐ പത്ത് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ജസ്റ്റീസുമാരായ സൂര്യകാന്ത്, ഉജ്ജ്വല്‍ ഭുയന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ നിര്‍ദേശം. മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്വിയാണ് കോടതിയിൽ കേജരിവാളിനുവേണ്ടി ഹാജരായത്. കേസ് ഈ മാസം 23ന് വീണ്ടും പരിഗണിക്കും.
മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ടു കേജരിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി മേയില്‍ സുപ്രീം കോടതി 21 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യകാലാവധി അവസാനിച്ച അദ്ദേഹം ജൂൺ രണ്ടിനാണ് ജയിലിലേക്ക് മടങ്ങിയത്.
ജൂണ്‍ 26നാണ് ഇഡിയുടെ കസ്റ്റഡിയിലിരിക്കെ കേജരിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. ജൂലൈ 12ന് ഇഡി കേസിൽ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, സിബിഐ അറസ്റ്റ് ചെയ്തതോടെ അദ്ദേഹത്തിന് ജയിൽ മോചിതനാകാൻ സാധിച്ചിരുന്നില്ല. സിബിഐ കേസിൽകൂടി ജാമ്യം ലഭിച്ചാലേ കേജരിവാളിന് ജയിൽമോചനം സാധ്യമാവുകയുള്ളു.