ലീഗ്സ് കപ്പ്: ഇന്റർമയാമിയെ പിന്നില്‍ നിന്നും ഞെട്ടിച്ച് കൊളംബസ്, സെമിയില്‍
Wednesday, August 14, 2024 8:41 AM IST
വാഷിംഗ്ടണ്‍ ഡിസി: ലീഗ്സ് കപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്റർമയാമി പുറത്ത്. പ്രീക്വാര്‍ട്ടറില്‍ കൊളംബസ് ക്രൂവിനോടാണ് അവര്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയത്. സ്കോര്‍: 3-2.
പരിക്കേറ്റ സൂപ്പര്‍ താരം മെസിയുടെ അഭാവത്തിലായിരുന്നു ഇന്റർമയാമി കളത്തില്‍ ഇറങ്ങിയത്. മത്സരത്തിന്റെ ആദ്യ 63 മിനിറ്റിലും അവര്‍ ആയിരുന്നു വിജയികള്‍. എന്നാല്‍ പിന്നീട് കഥമാറി മറിഞ്ഞു. മത്സരം അവസാനിച്ചപ്പോള്‍ രണ്ടിനെതിരേ മൂന്നു ഗോളുകളുമായി ത്രസിപ്പിക്കുന്ന വിജയം കൊളംബസ് നേടി.
മത്സരം ആരംഭിച്ച് 10 മിനിറ്റിനുള്ളില്‍ മാറ്റിയാസ് റോജാസ് മയാമിയെ മുന്നില്‍ എത്തിച്ചു. ടൂര്‍ണമെന്റിലെ അദ്ദേഹത്തിന്റെ നാലാം ഗോള്‍ ആയിരുന്നത്. രണ്ടാം പകുതിയുടെ മധ്യത്തില്‍ 63-ാം മിനിറ്റില്‍ ഡീഗോ ഗോമസിലൂടെ ടാറ്റ മാര്‍ട്ടിനോയുടെ ടീം ലീഡ് ഇരട്ടിയാക്കി.
എന്നാല്‍ പിന്നീട് നടന്നത് കൊളംബസിന്റെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു. തുടര്‍ന്നുള്ള ഏഴ് മിനിറ്റിനുള്ളില്‍ കൊളംബസ് ക്രൂ രണ്ട് ഗോളുകള്‍ നേടി മത്സരം സമനിലയിലാക്കി. 67-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റാമിറസ്, 69-ാം മിനിറ്റില്‍ ഡീഗോ റോസി എന്നിവരാണ് ഗോള്‍ നേടി സമനില പിടിച്ചത്.
കളിയുടെ 81-ാം മിനിറ്റില്‍ റോസി തന്റെ രണ്ടാം ഗോള്‍ നേടി കൊളംബസിനെ വിജയതീരത്തെത്തിച്ചു. ഇതോടെ കൊളംബസ് ലീഗ്സ് കപ്പിന്റെ സെമിബെര്‍ത്ത് ഉറപ്പിച്ചു.