പന്തീരാങ്കാവ് പീഡന കേസ് ; കസ്റ്റഡിയിലെടുത്ത രാഹുലിനെ വിട്ടയച്ചു
Monday, August 12, 2024 5:46 PM IST
ന്യൂഡൽഹി: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് വിദേശത്തുനിന്നും ഡൽഹി വിമാനത്താവളത്തിൽ രാഹുൽ എത്തിയത്.
ലുക്കൗട്ട് നോട്ടീസ് ഉള്ളതിനാൽ ഡൽഹി പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നീട് കേരളാ പോലീസിന്റെ നിർദേശ പ്രകാരം വിട്ടയക്കുകയായിരുന്നു. രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നേരത്തെ നിർദേശിച്ചിരുന്നു. ജർമനിയിൽ ഒളിവിലായിരുന്ന രാഹുൽ കോടതിയിൽ ഹാജരാകാൻ വേണ്ടിയാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്.
പറവൂർ സ്വദേശിയായ യുവതിയെ ഭർത്താവായ രാഹുൽ മർദിച്ചെന്നാണ് കേസ്. അന്വേഷണസംഘത്തിന് മുന്നിലും മാധ്യമങ്ങൾക്ക് മുമ്പിലും ഭർത്താവിൽ നിന്നു നേരിട്ട പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞ യുവതി പിന്നീട് മൊഴി മാറ്റുകയായിരുന്നു.