ബന്ധുവിന്റെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്ന് ഭീഷണി; പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
Monday, August 12, 2024 6:23 AM IST
ലക്നോ: ഒരു കോടി രൂപ നൽകിയില്ലെങ്കിൽ ബന്ധുവിന്റെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ പോലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ.
ജെയിന്റ് പോലീസ് സ്റ്റേഷൻ പരിധിയിലെ മധേര ഗ്രാമവാസിയായ അസീസ് ഗൗതം എന്നയാളാണ് അറസ്റ്റിലായത്.
ബന്ധുവായ രാംകുമാർ ഗൗതമിന്റെ മകൻ അനൂജിനെ (21) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്നായിരുന്നു ഇയാൾ ഭീഷണിപ്പെടുത്തിയത്. ഭൂമി ഇടപാടിൽ രാംകുമാറിന് രണ്ട് കോടിയിലധികം രൂപ ലഭിക്കുമെന്ന് അറിഞ്ഞതിനെ തുടർന്നാണ് അസീസ് പദ്ധതി തയാറാക്കിയത്.
നാടൻ തോക്കും വെടിയുണ്ടകളുമായി ഗ്രാമത്തിനടുത്തുവച്ചാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. കേസിൽ ഉൾപ്പെട്ട അസീസിന്റെ മൂന്ന് കൂട്ടാളികൾ നേരത്തെ മധ്യപ്രദേശിലെ ഛതാപൂരിൽ നിന്ന് അറസ്റ്റിലായിരുന്നു.