ഡൽഹി മദ്യനയ അഴിമതി: മനീഷ് സിസോദിയയ്ക്ക് ജാമ്യം
Friday, August 9, 2024 11:29 AM IST
ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ പതിനാറ് മാസമായി ജയിലില്‍ കഴിയുന്ന ഡൽഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം. സിബിഐ, ഇഡി കേസുകളിലാണ് അദ്ദേഹത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്.
കേസുകളിൽ വിചാരണ നടപടിക്രമങ്ങള്‍ വൈകുന്ന സാഹചര്യത്തിലാണ് നടപടി. രണ്ടുലക്ഷം രൂപയുടെ ബോണ്ട് നല്‍കുന്നതിനൊപ്പം പാസ്പോർട്ട് സറണ്ടർ ചെയ്യണം, എല്ലാം തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജസ്റ്റീസ് ബി.ആർ. ഗവായി, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചിരിക്കുന്നത്.
അഡീഷണല്‍ സോളിസിറ്ററിന്റെ വാദങ്ങൾ പരസ്പര വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി അദ്ദേഹം തെളിവ് നശിപ്പിക്കാന്‍ സാധ്യയുണ്ടെന്ന വാദം തള്ളി. പരിധിയില്ലാത്ത സമയത്തേക്ക് അപേക്ഷകനെ ജയിലിൽ നിർത്തുന്നത് മൗലികാവകാശത്തെ നിഷേധിക്കുമെന്നും കോടതി നിരീക്ഷിച്ചു.