അധികാരം ദുർവിനിയോഗം; മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
Wednesday, July 31, 2024 3:14 AM IST
ഭുവനേശ്വർ: അധികാരം ദുർവിനിയോഗം ചെയ്ത മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ഒഡിഷയിലാണ് സംഭവം. പണ്ഡിറ്റ് രാജേഷ് ഉത്തംറാവിനെയാണ് ഒഡീഷ സർക്കാർ സസ്പെൻഡ് ചെയ്തത്.
2007 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഉത്തംറാവു ഒഡീഷയിലെ ഫയർ സർവീസസ് ആൻഡ് ഹോം ഗാർഡ്സ് ഡിഐജിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അധികാര ദുർവിനിയോഗം നടത്തി പണ്ഡിറ്റ് തന്റെ പദവിയുടെ അന്തസിനു കളങ്കം വരുത്തിയെന്ന പരാതി ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ജൂലൈ 27ന് വനിതാ പോലീസ് ഇൻസ്പെക്ടറോടും അവരുടെ ഭർത്താവിനോടും പണ്ഡിറ്റ് മോശമായി പെരുമാറിയെന്നാണ് പരാതി. സംഭവത്തിൽ പരാതി നൽകിയാൽ പോലീസ് നടപടിയെടുക്കുമെന്ന് ഭുവനേശ്വർ ഡിസിപി പ്രതീക് സിംഗ് പറഞ്ഞു.
നാല് ദിവസത്തെ ഡൽഹി സന്ദർശനം കഴിഞ്ഞ് തിങ്കളാഴ്ച വൈകീട്ട് മടങ്ങിയെത്തിയ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അടിയന്തര നടപടി സ്വീകരിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.