പിതാവ് മകളെ കുത്തിക്കൊന്നു; ഭാര്യ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ
Monday, July 29, 2024 12:29 AM IST
ന്യൂഡൽഹി: സാമ്പത്തിക തർക്കത്തെ തുടർന്ന് ഗൃഹനാഥൻ മകളെ കുത്തിക്കൊല്ലുകയും ഭാര്യയെ പരിക്കേൽപ്പിക്കുകയും ചെയ്തു. ഡൽഹിയിലെ ദ്വാരകയിലാണ് സംഭവം.
രശ്മിന ഖാത്തൂൻ (22) ആണ് കൊല്ലപ്പെട്ടത്. രശ്മിനയുടെ അമ്മ സുഫിയ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
സുഫിയയും ഭർത്താവ് അബ്ബാസ് അലിയും തമ്മിലാണ് തർക്കമുണ്ടായത്. തുടർന്ന് അബ്ബാസ് കത്തിയെടുത്ത് സുഫിയയെ ആക്രമിച്ചു. വിഷയത്തിൽ ഇടപെട്ട മകൾ രശ്മിനയെയും ഇയാൾ ആക്രമിച്ചു.
രശ്മിനയുടെ സഹോദരിയാണ് അയൽവാസികളുടെ സഹായത്തോടെ പോലീസിനെ വിവരമറിയിച്ചത്. ഇവരെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അബ്ബാസ് അലിയെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു.