ടി20; ശ്രീലങ്കയെ തകർത്ത് ഇന്ത്യക്ക് ഉജ്വല വിജയം
Saturday, July 27, 2024 11:34 PM IST
പല്ലെക്കലെ (ശ്രീലങ്ക): ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലങ്ക 19.2 ഓവറില്‍ 170 റണ്‍സിന് ഓള്‍ഔട്ടായി. 43 റൺസിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മുന്നിലെത്തി (1-0).
ക്യാപ്റ്റന്റെ കളി കാഴ്ചവച്ച സൂര്യകുമാറാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. മുഖ്യ പരിശീലകനായി ചുമതലയേറ്റ ഗൗതം ഗംഭീറിനും ഇത് വിജയത്തുടക്കമാണ്.
ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ചരിത് അസലങ്ക ഇന്ത്യയെ ആദ്യം ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓപണര്‍മാരായ യശസ്വി ജയ്സ്വാളും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നല്‍കിയത്.
5.6 ഓവറില്‍ 74 റണ്‍സ് നേടിയ ശേഷമാണ് സഖ്യം വേര്‍പിരിയുന്നത്. ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 16 പന്തില്‍ 34 റണ്‍സ് നേടി. ജയ്സ്വാള്‍ 21 പന്തില്‍ 40 റണ്‍സ് അടിച്ചുകൂട്ടി.
മൂന്നാമതായി ബാറ്റ് ചെയ്യാനെത്തിയ സൂര്യകുമാര്‍ ഉജ്വല ഫോമിലായിരുന്നു. 26 പന്തില്‍ രണ്ട് സിക്സറുകളും എട്ട് ഫോറുകളും ഉള്‍പ്പെടെ 58 റണ്‍സ് നേടി. മതീഷ പതിരാനയുടെ പന്തില്‍ എല്‍ബിഡബ്ലു ആയാണ് സൂര്യകുമാർ പുറത്തായത്.
സഞ്ജു സാംസണിന് പകരം വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് കളിച്ച ഋഷഭ് പന്ത് 33 പന്തില്‍ 49 റണ്‍സ് നേടി ഉജ്വല ബാറ്റിംഗ് കാഴ്ചവച്ചു. അര്‍ധ സെഞ്ചുറിക്ക് ഒരു റണ്‍ അകലെ വച്ച് പതിരാന പന്തിന്റെ കുറ്റി തെറിപ്പിച്ചു.
മുന്‍ നായകന് ഹാര്‍ദിക് പാണ്ഡ്യക്ക് ഇന്ന് തിളങ്ങാനായില്ല. 10 പന്തില്‍ ഒമ്പത് റണ്‍സുമായി പതിരാനയുടെ പന്തില്‍ ക്ലീന്‍ബൗള്‍ഡായി. റിയാന്‍ പരാഗിനെ (ആറ് പന്തില്‍ ഏഴ്) പതിരാന വിക്കറ്റിനു മുന്നില്‍ കുടുക്കി.
റിങ്കു സിംഗ് ഒരു റണ്‍സുമായി അസിത ഫെര്‍ണാണ്ടോയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. ഓവര്‍ പൂര്‍ത്തിയാവുമ്പോള്‍ അക്സര്‍ പട്ടേല്‍ (അഞ്ച് പന്തില്‍ 10), അര്‍ഷദീപ് സിങ് (ഒരു പന്തില്‍ ഒന്ന്) എന്നിവരായിരുന്നു ക്രീസില്‍.
ശ്രീലങ്കയ്ക്കു വേണ്ടി നിസാങ്ക 48 പന്തില്‍ 79 റണ്‍സ് വാരിക്കൂട്ടി. മെന്‍ഡിസ് 27 പന്തില്‍ 45 റണ്‍സ് നേടി. തുടര്‍ന്നെത്തിയ കുശാല്‍ പെരേര (20), കാമിന്ദു മെന്‍ഡിസ് (12) എന്നിവര്‍ മാത്രമാണ് രണ്ടക്കം തികച്ചത്. 1.2 ഓവര്‍ എറിഞ്ഞ റിയാന്‍ പരാഗ് വാലറ്റത്തെ മൂന്ന് വിക്കറ്റുകള്‍ കീശയിലാക്കി. അര്‍ഷ്ദീപ് സിംഗ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.