പുതിയ കെട്ടിടം തുറക്കുന്നതിൽ വീഴ്ച; ഡിഎംഒയോട് വിശദീകരണം തേടി ഹൈക്കോടതി
Saturday, July 20, 2024 6:13 AM IST
കൊച്ചി: കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചു നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറോട് ഹൈക്കോടതി വിശദീകരണം തേടി. സാമൂഹ്യപ്രവര്‍ത്തകനായ ബിജു ഇറ്റിത്തറ നല്കിയ ഹര്‍ജിയിലാണു നോട്ടീസ്.
ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ നിർമാണം 2021ല്‍ പൂര്‍ത്തീകരിച്ചതാണെന്ന് വിവരാവകാശരേഖകളില്നിന്നു വ്യക്തമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. കെട്ടിടം പൊതുമരാമത്ത് വകുപ്പ് കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി അധികൃതര്‍ക്ക് കൈമാറിയതുമാണ്.
ശരിയായ ചികിത്സ കിട്ടിയില്ലെന്നും മൂത്രപ്പുരയ്ക്ക് സമീപമാണു കിടത്തിയതെന്നും ഡിഎംഒയ്ക്കു പരാതി നല്‍കിയിരുന്നു. ഇതില്‍ നടപടിയെടുക്കാത്തതിനാല്‍ പുതിയ ആശുപത്രി എല്ലാവിധ സൗകര്യങ്ങളോടുംകൂടി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
രണ്ടു മാസത്തിനുള്ളില്‍ നടപടി സ്വീകരിക്കണമെന്ന് 2023ല്‍തന്നെ തൃശൂര്‍ ഡിഎംഒയ്ക്ക് ഹൈക്കോടതി നിർദേശം നല്‍കിയിരുന്നുവെങ്കിലും ഇതുവരെ നടപടി ഉണ്ടായില്ലെന്നാരോപിച്ചാണു കോടതിയലക്ഷ്യ ഹര്‍ജി.