പെൻഷൻ കുറച്ചെങ്കിലും നൽകിക്കൂടേ? സർക്കാരിനോട് ഹൈക്കോടതിയുടെ ചോദ്യം
Friday, July 19, 2024 2:37 PM IST
കൊച്ചി: കൊടുത്തുതീർക്കാനുള്ള ക്ഷേമപെൻഷൻ കുറച്ചെങ്കിലും വിതരണം ചെയ്യുന്ന കാര്യം പരിഗണിച്ചു കൂടേയെന്ന് സർക്കാരിനോട് ഹൈക്കോടതി. ക്ഷേമപെൻഷൻ കിട്ടാത്തത് ചൂണ്ടിക്കാട്ടി ഇടുക്കി സ്വദേശി മറിയക്കുട്ടി ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ ചോദ്യം.
ആക്ടിംഗ് ചീഫ് ജസ്റ്റീസ് എ. മുഷ്താഖ് മുഹമ്മദ്, ജസ്റ്റീസ് എസ്. മനു എന്നിവരുടെ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. കേന്ദ്ര വിഹിതവും സെസ് വിഹിതവും ലഭിച്ചിട്ടും പെൻഷൻ നല്‍കുന്നില്ല എന്ന് മറിയക്കുട്ടിയുടെ അഭിഭാഷക ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ് കുറച്ചെങ്കിലും പെൻഷൻ നൽകിക്കൂടേ എന്ന് കോടതി സർക്കാരിനോട് ചോദിച്ചത്.
പെൻഷൻ നൽകുന്നതിലേക്കുള്ള കേന്ദ്ര സർക്കാർ വിഹിതവും, സെസ് വഴി ലഭിക്കുന്ന തുക ഉള്‍പ്പെടെയുള്ള വിവരങ്ങൾ നൽകാൻ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ കോടതി നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ വിശദാംശങ്ങൾ നൽകാൻ കോടതി ആവശ്യപ്പെട്ടു. കേസ് മാസം 30ന് വീണ്ടും പരിഗണിക്കും.