ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യമില്ല; എഎപി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഭഗവന്ത് മാന്‍
Thursday, July 18, 2024 3:39 PM IST
ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യമില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് മാന്‍. സംസ്ഥാനത്ത് ആകെയുള്ള 90 സീറ്റുകളിലും എഎപി ഒറ്റയ്ക്ക് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചണ്ഡീഗഡില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഭഗവന്ത് മാന്‍. കോൺഗ്രസ് അടക്കം മറ്റൊരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു
ഹരിയാന ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളില്‍ ഈ മാസം നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് അദ്ദേഹം എഎപിയുടെ നിലപാട് അറിയിച്ചത്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ പ്രതിപക്ഷ പാർട്ടികൾ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായാണ് മത്സരിച്ചത്.
സംസ്ഥാനത്തെ 10 സീറ്റുകളിൽ ഒന്‍പതിടത്ത് കോൺഗ്രസും ഒരിടത്ത് ആം ആദ്മി പാര്‍ട്ടിയും സഖ്യമായാണ് മത്സരിച്ചത്. അഞ്ച് സീറ്റിൽ കോൺഗ്രസിന് വിജയം നേടാനായി. എന്നാൽ എഎപി സ്ഥാനാര്‍ഥി ബിജെപി സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടിരുന്നു.