പരിശീലനം മതി; പൂജ ഖേദ്കറെ ഐഎഎസ് അക്കാദമിയിലേക്ക് മടങ്ങാൻ നിർദേശം
Tuesday, July 16, 2024 6:47 PM IST
ന്യൂഡൽഹി: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഐഎഎസ് നേടിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന ഐഎഎസ് ട്രെയിനി പൂജ ഖേദ്കറോട് പരിശീലനം നിര്‍ത്തി മടങ്ങാൻ മസൂറിയിലെ ഐഎഎസ് അക്കാദമി ആവശ്യപ്പെട്ടു.
നിലവിൽ മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ സബ് കളക്ടറായ പൂജയോട് 23ന് മുമ്പ് അക്കാദമിയിൽ ഹാജരാകണമെന്നാണ് നിർദേശം.വ്യാജരേഖ ചമച്ചെന്ന ആരോപണത്തിൽ ഇവര്‍ക്കെതിരെ മഹാരാഷ്ട്ര സർക്കാർ അന്വേഷണം തുടങ്ങിയിരുന്നു.
സിവിൽ സർവീസ് പ്രൊബേഷണറി ഓഫീസറായ പൂജാ ഖേഡ്കർ നിയമന മുൻഗണക്കായി ഭിന്നശേഷിക്കാരിയാണെന്ന് തെളിയിക്കാൻ സമർപ്പിച്ച സർട്ടിഫിക്കറ്റുകൾ വ്യാജമെന്നാണ് പ്രധാന ആരോപണം.
ഇവരുടെ നോൺ- ക്രീമിലെയർ ഒബിസി സർട്ടിഫിക്കറ്റ്, കാഴ്ച വൈകല്യം ഉണ്ടെന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ ആധികാരികത പരിശോധിക്കും. കാഴ്ചാ പരിമിതി ഉൾപ്പെടെ 51% വൈകല്യം ഉണ്ടെന്ന് കാണിച്ച് 2018ലും 2021ലും അഹമ്മദ്നഗർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ നൽകിയ സർട്ടിഫിക്കറ്റിലാണ് പ്രധാന അന്വേഷണം.