യൂറോപ്പിലെ രാജാക്കന്മാരായി "സ്പെയിന്'
Monday, July 15, 2024 2:33 AM IST
ബെര്‍ലില്‍: യുവേഫ യൂറോകപ്പ് കീരിടം സ്പെയിന്. ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി. നികൊ വില്ല്യംസും മികേല്‍ ഒയര്‍സബാലും ആണ് സ്പെയിന് വേണ്ടി ഗോളുകള്‍ നേടിയത്.
കൊലെ പാല്‍മര്‍ ഇംഗ്ലണ്ടിനായി ഗോള്‍ നേടി. തുടക്കം മുതല്‍ സ്പെയിന് തന്നെയാണ് കളം നിറഞ്ഞ് കളിച്ചത്. പലവട്ടം ഇംഗ്ലീഷ് ഗോള്‍ പോസ്റ്റിന് സമീപമെത്തി സ്പാനിഷ് മുന്നേറ്റങ്ങള്‍. എന്നാല്‍ ഗോള്‍ മാത്രം നേടാനായില്ല.
ഗോള്‍ രഹിതമായാണ് ആദ്യ പകുതി അവസാനിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സ്പെയിന് ഗോള്‍ കണ്ടെത്തി. 47-ാം മിനിറ്റില്‍ നികോ വില്ല്യംസാണ് ഗോള്‍ നേടിയത്. സ്പെയിന് മുന്നിലെത്തിയതിന് ശേഷം ഉണര്‍ന്ന് കളിക്കുന്ന ഇംഗ്ലണ്ടിനെയാണ് കണ്ടത്.
മറുപടി ഗോളിനായി ഇംഗ്ലീഷ് താരങ്ങള്‍ കിണഞ്ഞ് പരിശ്രമിച്ചു. സ്പാനിഷ് ഗോള്‍മുഖത്തേക്ക് പലവട്ടം അവര്‍ ഇരച്ചെത്തി. ഒടുവില്‍ മത്സരത്തിന്റെ 73-ാം മിനിറ്റില്‍ കൊലെ പാല്‍മര്‍ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. ബോക്സിന് പുറത്ത് നിന്ന് തൊടുത്ത തകര്‍പ്പന്‍ ഷോട്ട് സ്പാനിഷ് ഗോളി ഉനയ് സൈമണെ മറികടന്ന് ഗോള്‍വലയിലെത്തി.
വിജയത്തിനായി ഇരുടീമുകളും ആക്രമണം കടുപ്പിക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. പന്ത് ഇരു ഗോള്‍മുഖത്തേക്കും കയറിയിറങ്ങി. ഒടുവില്‍ 86-ാം മിനിറ്റില്‍ മത്സരത്തിന്റെ വിധിയെഴുതിയ ഗോളെത്തി. സ്പാനിഷ് താരം മികേല്‍ ഒയര്‍സബാലിന്റെ ഷോട്ട് ഇംഗ്ലീഷ് ഗോള്‍കീപ്പര്‍ പിക്ഫോര്‍ഡിന് തടുക്കാനായില്ല. സ്പെയിന് വീണ്ടും മുന്നിലെത്തി.
മറുപടി ഗോളിനായി വീണ്ടും ശ്രമിച്ച ഇംഗ്ലണ്ടിന് അത് നേടാനായില്ല. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഒരിക്കല്‍ കൂടി യൂറോപ്പിന്റെ രാജാക്കന്മാരായി സ്പെയിന് മാറി. ആധികാരികമായാണ് സ്പെയിന് ഇത്തവണ കിരീടം നേടിയത്. എല്ലാ മത്സരങ്ങളും വിജയിച്ചാണ് സ്പെയിന് ചാമ്പ്യന്മാരായത്.
ഫ്രാന്‍സ്, ജര്‍മ്മനി, ക്രൊയേഷ്യ എന്നീ വമ്പന്മാരെല്ലാം സ്പാനിഷ് പടയോട്ടത്തില്‍ വീണു.നാലാം തവണയാണ് സ്പെയിന് യൂറോ കിരീടം നേടുന്നത്. 1964, 2008, 2012 വര്‍ഷങ്ങളിലാണ് സ്പെയിന് ഇതിന് മുമ്പ് കിരീടം നേടിയത്.