സര്‍വകലാശാല സെനറ്റിലേയ്ക്കുള്ള ഗവർണറുടെ നാമനിര്‍ദേശം; എന്ത് രേഖകളുടെ അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി
Saturday, July 13, 2024 12:49 AM IST
കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേയ്ക്കുള്ള ചാന്‍സലറുടെ നാമനിര്‍ദേശം എന്ത് രേഖകളുടെ അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി. ചാന്‍സലറുടെ ഓഫീസ് ഇക്കാര്യം വിശദീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. മറുപടി നല്കാന് പത്ത് ദിവസത്തെ സാവകാശവും ഹൈക്കോടതി നല്കി.
എന്ത് രേഖകളുടെ അടിസ്ഥാനത്തിലാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണർ തീരുമാനമെടുത്തത് എന്ന് വ്യക്തത വരുത്തണം. ചാന്‍സലറുടെ ഓഫീസ് ഇക്കാര്യം വിശദീകരിക്കണമെന്നാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശം.
സെനറ്റിലേക്ക് നാല് എബിവിപി പ്രവര്‍ത്തകരുടെ നാമനിര്‍ദേശം ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയില്‍ ചാന്‍സലര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. സര്‍വകലാശാല നല്കിയ പട്ടികയിലുണ്ടായിരുന്ന രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി.
ഹര്‍ജിക്കാരെക്കാള്‍ എന്ത് യോഗ്യതയാണ് നാമനിര്‍ദേശം ചെയ്യപ്പെടാന്‍ എതിര് കക്ഷികളായ നാല് പേര്‍ക്കും ഉള്ളതെന്ന് ഹൈക്കോടതി ചോദിച്ചു.