കണ്ണൂരിൽ ഓൺലൈൻ തട്ടിപ്പുസംഘം കവർന്നത് 7.2 കോടി
Tuesday, July 9, 2024 6:38 PM IST
തളിപ്പറന്പ്: കണ്ണൂര്‍ റൂറൽ ജില്ലയിൽ സമീപകാലത്തായി ഓൺലൈൻ തട്ടിപ്പുസംഘം കവർന്നത് 7.2 കോടിയോളം രൂപയെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത. ഓൺലൈൻ ട്രേഡിംഗിലൂടെയും നിക്ഷേപത്തിലൂടെയും ലക്ഷങ്ങൾ ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് 2.5 കോടി രൂപയും വ്യാജ അന്വേഷണസംഘം ചമഞ്ഞ് 13.75 ലക്ഷം രൂപയുമാണ് തട്ടിയത്.
ഓൺലൈൻ ട്രേഡിംഗിലൂടെയും നിക്ഷേപത്തിലൂടെയും ലക്ഷങ്ങൾ ലാഭമുണ്ടാക്കാമെന്നു പറഞ്ഞ് തളിപ്പറമ്പ് സ്വദേശിയില്‍നിന്ന് 64 ലക്ഷം രൂപയും ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് മറ്റൊരു തളിപ്പറമ്പ് സ്വദേശിയില്‍നിന്ന് 32 ലക്ഷം രൂപയും ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് ആപ്പില്‍ പ്രോഡക്ട് കാര്‍ട്ട് ചെയ്താല്‍ പണം ലഭിക്കുമെന്നു പറഞ്ഞ് മാട്ടൂല്‍ സ്വദേശിയില്‍നിന്ന് 16 ലക്ഷം രൂപയുമാണ് തട്ടിയത്.
മുംബൈ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രീംകോടതി വാറണ്ടുണ്ടെന്ന് പറഞ്ഞ് പയ്യന്നൂരിലെ ഡോക്ടറില്‍നിന്നു പത്ത് ലക്ഷം രൂപ തട്ടി. ഉയർന്ന ഉദ്യോഗസ്ഥന്റെ യൂണിഫോം ധരിച്ച് വാട്സ് ആപ്പിലൂടെയാണ് സംഘം സംസാരിച്ചത്. എഫ്ഐആറിന്റെയും വാറണ്ടിന്റെയും വ്യാജ കോപ്പി ഉദ്യോഗസ്ഥരെയും കാണിച്ചു. സെക്യൂരിറ്റി ചെക്കിംഗിന്റെ ഭാഗമായാണെന്നു പറഞ്ഞ് പണം തട്ടിയത്.
ഈ വർഷം ഇതുവരെ റൂറൽ ജില്ലയിൽ ചെറുതും വലുതുമായ മുന്നൂറോളം സൈബർ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റൂറൽ സൈബർ പോലീസ് നടത്തിയ അന്വേഷണത്തിൽ 3.75 ലക്ഷം രൂപ തിരിച്ചു പിടിച്ചു. ഇത്തരം തട്ടിപ്പുകളില്‍ നിന്നു പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത അറിയിച്ചു.