സിപിഎം നേതാവിന്റെ ആ ഭീഷണി തമാശ: ബിനോയി വിശ്വം
Tuesday, July 9, 2024 11:02 AM IST
തിരുവനന്തപുരം: തനിക്കെതിരായ സിപിഎം നേതാവിന്റെ വധഭീഷണിയില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം. സിപിഎം സഖാവിന്റെ ആ പോസ്റ്റ് തമാശയായി മാത്രം കണ്ടാല്‍ മതി. സിപിഎമ്മുമായുള്ള ബന്ധം ശക്തമാണെന്നും അദ്ദേഹം പ്രതികരിച്ചു.
എസ്എഫ്ഐയ്ക്കെതിരേ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ബിനോയ് വിശ്വത്തിനെതിരേ സിപിഎം പ്രവർത്തകൻ ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയത്. നാദാപുരത്തെ സിപിഎം പ്രവർത്തകനായ രഞ്ജിഷ് ടി.പി കല്ലാച്ചിയുടേതായിരുന്നു ഭീഷണി.
എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്. അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ നീ നടത്തിയ ജല്പനങ്ങൾ ഇനിയും നീ പുറത്തെടുത്താൽ കണക്ക് ചോദിക്കുന്നത് എസ്എഫ്ഐ ആയിരിക്കില്ല ഓർത്താൽ നല്ലതാണെന്നുമായിരുന്നു പോസ്റ്റ്.