മുന്‍ ദേശീയ വോളിബോള്‍ താരം നെയ്യശേരി ജോസ് അന്തരിച്ചു
Tuesday, July 9, 2024 8:51 AM IST
ഇടുക്കി: മുന്‍ ദേശീയ വോളിബോള്‍ താരവും കേരള വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റനുമായ കരിമണ്ണൂര്‍ നെയ്യശേരി വലിയപുത്തന്‍പുരയില്‍ നെയ്യശേരി ജോസ് (78) അന്തരിച്ചു. വീടിന് സമീപം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ കരിമണ്ണൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. റെയില്‍വേയില്‍ ഉദ്യോഗസ്ഥനായിരുന്ന ജോസ് ജോലി ഉപേക്ഷിച്ചാണ് ആലുവ എഫ്എസിടിയിലെത്തിയത്. 1968 മുതല്‍ എഫ്എസിടിക്കുവേണ്ടി കളിച്ചു.
ഒമ്പതുവര്‍ഷമാണ് കേരളത്തിനുവേണ്ടി കളിച്ചത്. രണ്ടുവര്‍ഷം ഇന്ത്യയ്ക്കായി കളിച്ച നെയ്യശേരി ജോസ്, ഇന്ത്യന്‍ ജഴ്സിയില്‍ സിംഗപ്പൂരിലും ശ്രീലങ്കയിലും പോയി കളിച്ചിട്ടുണ്ട്. കേരള ടീമിനെ നയിക്കാനും അവസരം ലഭിച്ചു.
സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് നെയ്യശേരി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ നടത്തും.