ഭർത്താവിന്റെ മരണ വാർത്ത അറിഞ്ഞ യുവതി ജീവനൊടുക്കി
Tuesday, July 9, 2024 12:28 AM IST
ലക്നോ: ഉത്തർപ്രദേശിൽ ഭർത്താവിന്റെ മരണവാർത്ത അറിഞ്ഞ യുവതി ജീവനൊടുക്കി. ഹരീഷ് ബാഗേഷ് (28), സഞ്ചിത ശരൺ (28) എന്നിവരാണ് മരിച്ചത്.
ഹരീഷ് വാരണാസിയിലെ ഹോട്ടൽ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. ഈ സംഭവമറിഞ്ഞ സഞ്ചിത വീടിന്റെ രണ്ടാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി.
എംബിഎ ബിരുദധാരിയായ ഹരീഷും ഫാഷൻ ഫോട്ടോഗ്രാഫറായ സഞ്ചിതയും രണ്ട് വർഷം മുമ്പാണ് വിവാഹിതരായത്. പാറ്റ്നയിൽ സ്വദേശിയായിരുന്ന ഹരീഷിന്റെ മാതാപിതാക്കൾ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല.
ആദ്യം മുംബൈയിൽ താമസിച്ച ഇരുവരും ഫെബ്രുവരിയിൽ സഞ്ചിതയുടെ കുടുംബക്കാർക്കൊപ്പം താമസിക്കാൻ ഗോരഖ്പൂരിലേക്ക് മാറി. വെള്ളിയാഴ്ച സഞ്ചിതയോട് താൻ പാറ്റ്നയിലേക്ക് പോവുകയാണെന്ന് ഹരീഷ് പറഞ്ഞു.
ഇതേതുടർന്ന് സഞ്ചിത ഇയാളെ റെയിൽവേ സ്റ്റേഷനിൽ വിട്ടു. ഞായറാഴ്ച രാവിലെയാണ് ഹരീഷിന്റെ മരണ വാർത്ത സഞ്ചിത അറിയുന്നത്. തുടർന്നാണ് ഇവർ ജീവനൊടുക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.