ബിനോയ് വിശ്വത്തെ ചരിത്രം പഠിപ്പിക്കാൻ എസ്എഫ്ഐ വളർന്നിട്ടില്ല: എഐഎസ്എഫ്
Friday, July 5, 2024 8:16 PM IST
തിരുവനന്തപുരം: ബിനോയ് വിശ്വത്തെ ചരിത്രം പഠിപ്പിക്കാൻ എസ്എഫ്ഐ വളർന്നിട്ടില്ലെന്ന് എഐഎസ്എഫ്. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണണം. തെറ്റ് തിരുത്തി കലാലയങ്ങളെ അക്രമവിമുക്തമാക്കാനും ജനാധിപത്യവൽക്കരിക്കാനുമുള്ള പക്വത കാണിക്കണമെന്നും എഐഎസ്എഫ് പ്രസ്താവനയിൽ വിമർശിച്ചു.
ബിനോയ് വിശ്വത്തിന്റെ ക്രിയാത്മക വിമർശനങ്ങളോടുള്ള എസ്എഫ്ഐയുടെയും ചില സിപിഎം നേതാക്കളുടെയും പ്രതികരണം അവരുടെ രാഷ്ട്രീയ പാപ്പരത്തത്തെയാണ് വെളിപ്പെടുത്തുന്നത്. സ്വയം അപഹാസ്യരാവുകയാണ് എസ്എഫ്ഐയെന്നും എഐഎസ്എഫ് പരിഹസിച്ചു.
കാര്യവട്ടം കാമ്പസിലെ പ്രശ്നങ്ങളിൽ അടക്കം എസ്എഫ്ഐക്കെതിരേ ശക്തമായ തുറന്നടിക്കലാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയിരുന്നത്. പിന്നാലെ എസ്എഫ്ഐയെ ന്യായീകരിച്ച് സിപിഎം നേതാക്കളും രംഗത്തെത്തിയിരുന്നു.
സഭയിലടക്കം മുഖ്യമന്ത്രി എസ്എഫ്ഐയെ ന്യായീകരിച്ച് പ്രസംഗിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഈ നിലപാടിനെയും എഐഎസ്എഫ് ഇന്നലെ തള്ളിപ്പറഞ്ഞിരുന്നു. മുഖ്യമന്ത്രി ഇരയ്ക്കൊപ്പമാണോ വേട്ടക്കാർക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് എഐഎസ്എഫ് തുറന്നടിക്കുന്ന സാഹചര്യമുണ്ടായി.
ബിനോയ് വിശ്വം എസ്എഫ്ഐയെ വിമർശിച്ചതിന് പിന്നാലെ എസ്എഫ്ഐയെ ന്യായീകരിച്ച് സിപിഎം നേതാവ് എ.കെ. ബാലൻ രംഗത്തെത്തിയിരുന്നു. എസ്എഫ്ഐയുടെ ചോര കുടിക്കാൻ ആരെയും അനുവദിക്കില്ലെന്നായിരുന്നു ബാലന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് പ്രസ്താവനയുമായി എഐഎസ്എഫ് രംഗത്തെത്തിയത്.