‘എസ്എഫ്ഐ കൊടുംക്രിമിനലുകളെ പുറത്താക്കണം’: കേരള സർവകലാശാല വിസിക്ക് പ്രതിപക്ഷനേതാവിന്റെ കത്ത്
Friday, July 5, 2024 3:19 PM IST
തിരുവനന്തപുരം: കാര്യവട്ടം കാമ്പസിലെ എസ്എഫ്ഐ ആക്രമണത്തിൽ കർശന നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേരള സർവകലാശാല വൈസ് ചാൻസലർക്ക് കത്ത് നൽകി.
കെഎസ്യു ജില്ലാ ജോയിന്റ് സെക്രട്ടറി സാൻ ജോസിനെ ക്രൂരമായി മര്‍ദിച്ച എസ്എഫ്ഐ നേതാക്കളായ കൊടുംക്രിമിനലുകളെ കോളജില്‍നിന്നു പുറത്താക്കണം, കാമ്പസിലും ഹോസ്റ്റൽ പരിസരത്തും സിസിടിവി നിരീക്ഷണം കർശനമാക്കണം, സുരക്ഷാ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും സാന്നിധ്യം ഉറപ്പാക്കാൻ നടപടി വേണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് കത്ത്.
സഹപാഠികളെ പോലും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഇടിമുറികളില്‍ എത്തിച്ച് മര്‍ദിക്കുകയും പിന്തുടര്ന്ന് ആക്രമിക്കുകയും ചെയ്യുന്ന ഇവര്‍ കൊടുംക്രിമിനല്‍ മനസുള്ളവരാണെന്ന് പറയേണ്ടതില്ലല്ലോ എന്നും പൂക്കോട് വെറ്റിനറി സര്‍വകലാശാലയില്‍ സിദ്ധാർഥൻ എന്ന വിദ്യാര്‍ഥിയെ മര്‍ദിച്ച് കൊലപ്പെടുത്തിയതിന് പിന്നിലും ഇതേ വിദ്യാര്ഥിസംഘടനയില്പ്പെട്ടവരായിരുന്നുവെന്നും കത്തിൽ പറയുന്നു.