എല്ലൊടിയാതെ യാത്ര ചെയ്യാനാകുമോയെന്ന് പ്രതിപക്ഷം; ഭൂരിപക്ഷം റോഡുകളും ഗതാഗതയോഗ്യമെന്ന് മന്ത്രി റിയാസ്
Friday, July 5, 2024 10:58 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ നിയമസഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷം. മുസ്ലീം ലീഗ് എംഎല്‍എ നജീബ് കാന്തപുരമാണ് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ചത്.
വഴി നടക്കാനുള്ള അവകാശം നിഷേധിച്ച സര്‍ക്കാരാണിതെന്ന് എംഎല്‍എ വിമര്‍ശിച്ചു. കുഴിയില്ലാത്ത റോഡിലൂടെ പോകാന്‍ മുഖ്യമന്ത്രി 16 കിലോമീറ്റര്‍ ആണ് ചുറ്റിയത്. ഇത് ഭരണവൈകല്യമാണെന്നും എംഎല്‍എ വിമര്‍ശിച്ചു. എത്ര റോഡിലൂടെ എല്ലൊടിയാതെ യാത്ര ചെയ്യാനാകുമെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.
എന്നാല്‍ സംസ്ഥാനത്തെ ഭൂരിപക്ഷം റോഡുകളും ഗതാഗതയോഗ്യമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മറുപടി പറഞ്ഞു. ജനങ്ങളുടെ പ്രയാസത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.