പെനാൽറ്റി നഷ്ടപ്പെടുത്തി മെസി, ഷൂട്ടൗട്ട് രക്ഷകനായി മാർട്ടിനസ്; അർജന്റീന കോപ്പ സെമിയിൽ
Friday, July 5, 2024 9:36 AM IST
ന്യൂയോര്‍ക്ക്: കോപ്പ അമേരിക്കയിൽ സെമിയിൽ കടന്ന് ലോകചാമ്പ്യന്മാരായ അർജന്റീന. ഇക്വഡോറിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് അര്‍ജന്റീനയുടെ സെമിപ്രവേശം (5-3). നിശ്ചിതസമയത്ത് ഇരുടീമും ഓരോ ഗോൾ വീതം നേടി സമനിലയിലായതിനെത്തുടർന്നാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
അതേസമയം, നായകൻ ലയണൽ മെസി പെനല്‍റ്റി കിക്ക് നഷ്ടമാക്കിയത് മത്സരത്തിന്റെ ആവേശം കുറച്ചെങ്കിലും ഷൂട്ടൗട്ടില്‍ ഇക്വഡോറിന്റെ രണ്ട് താരങ്ങളുടെ കിക്ക് തടുത്തിട്ട ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസാണ് വീണ്ടും അർജന്റീനയുടെ രക്ഷകനായത്.
ആദ്യ പകുതിയില്‍ 35-ാം മിനിറ്റിൽ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിന്റെ ഗോളില്‍ അർജന്റീനയാണ് മുന്നിലെത്തിയത്. കോര്‍ണര്‍ കിക്കില്‍ നിന്ന് ലഭിച്ച പന്ത് ഹെഡ്ഡറിലൂടെ മാര്‍ട്ടിനെസ് ഇക്വഡോർ വലയിലേക്ക് തട്ടിയിടുകയായിരുന്നു.
62-ാം മിനിറ്റില്‍ ഇക്വഡോർ താരം എന്നര് വലന്‍സിയയുടെ പെനല്‍റ്റി കിക്ക് പോസ്റ്റില്‍ തട്ടി പുറത്തുപോയി. പിന്നീട് ലീഡുയർത്താൻ അർജന്റീനയും സമനിലപിടിക്കാൻ ഇക്വഡോറും കിണഞ്ഞു ശ്രമിച്ചെങ്കിലും ഗോൾ അകന്നുനിന്നു.
ഒടുവിൽ ഏകപക്ഷീയമായ ഒരു ഗോളിന് വിജയമുറപ്പിച്ച അർജന്റീനയെ അവസാനനിമിഷം ഇക്വഡോർ ഞെട്ടിച്ചു. 91-ാം മിനിറ്റില്‍ കെവിന് റോഡ്രിഗസിന്റെ ഗോളിലൂടെ ഇക്വഡോര്‍ സമനില പിടിച്ചു. ഇതോടെയാണ് മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ഷൂട്ടൗട്ടിൽ ആദ്യം കിക്കെടുത്ത സാക്ഷാൽ ലയണൽ മെസിക്ക് പിഴച്ചു. മെസിയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി പുറത്തുപോയതോടെ അർജന്റീന വീണ്ടും ഞെട്ടി. എന്നാല്‍ ഇക്വഡോറിന്റെ രണ്ടു കിക്കും തടുത്തിട്ട ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് അർജന്റീനയ്ക്ക് ജീവൻ തിരിച്ചുനല്‍കി.
മെസിക്കു പിന്നാലെ അർജന്റീനയ്ക്കു വേണ്ടി കിക്കെടുത്ത ജൂലിയന്‍ ആല്‍വാരസ്, അലക്സി മക് അലിസ്റ്റർ, ഗോൺസാലോ മൊണ്ടിയാൽ, നിക്കോളാസ് ഓട്ടമെന്‍ഡി എന്നിവർ ലക്ഷ്യം കണ്ടു. ജോണ്‍ യെബോയും ജോര്‍ഡി കാസിഡോയും ഇക്വഡോറിനായി ലക്ഷ്യം കണ്ടപ്പോൾ എയ്ഞ്ചല്‍ മെനയും അലൻ മിൻഡയും കിക്ക് നഷ്ടപ്പെടുത്തി.
സെമിയിൽ കാനഡ- വെനസ്വെല മത്സരവിജയികളാണ് അർജന്റീനയുടെ എതിരാളികൾ.