""ഹിന്ദു പരാമർശം വിവാദമാക്കുന്നത് ബിജെപിയുടെ തന്ത്രം''; രാഹുലിനെ പിന്തുണച്ച് അഖിലേഷ് യാദവ്
Tuesday, July 2, 2024 11:33 AM IST
ന്യൂഡൽഹി:ബിജെപിയെ കടന്നാക്രമിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തെ പിന്തുണച്ച് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. രാഹുലിന്റെ ഹിന്ദു പരാമർശം വിവാദമാക്കുന്നത് ബിജെപിയുടെ തന്ത്രമാണെന്ന് അഖിലേഷ് ചൂണ്ടിക്കാട്ടി.
അഗ്നിവീർ, കർഷകരുടെ പ്രശ്നങ്ങൾ, പഴയ പെൻഷൻ പദ്ധതി തുടങ്ങി രാഹുൽ ഉന്നയിച്ച വിഷയങ്ങൾ ഇപ്പോഴും സജീവമാണ്. സർക്കാർ പുതിയതാണെങ്കിലും പ്രശ്നങ്ങൾ അവസാനിച്ചിട്ടില്ലെന്നും അഖിലേഷ് വ്യക്തമാക്കി.
അതേസമയം രാഹുല്‍ ഗാന്ധിയുടെ ചില പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍നിന്ന് നീക്കി. തിങ്കളാഴ്ച രാഹുൽ ലോക്സഭയിൽ നടത്തിയ ചില പരാമര്‍ശങ്ങള്‍ക്കെതിരേ ബിജെപി എംപിമാര്‍ സ്പീക്കറെ കണ്ട് പരാതി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഹിന്ദുക്കള്‍ എന്ന് അവകാശപ്പെടുന്നവര്‍ അക്രമം നടത്തുന്നു എന്നതടക്കമുള്ള പരാമര്‍ശങ്ങളാണ് നീക്കിയത്. ആര്‍എസ്എസ് അല്ല ഹിന്ദുക്കള്‍ എന്ന പരാമര്‍ശവും നീക്കി.