ആശങ്കയുടെ കാർമേഘങ്ങൾ നീങ്ങി; ടീം ഇന്ത്യ ബുധനാഴ്ച നാട്ടിലേക്ക് തിരിച്ചേക്കും
Tuesday, July 2, 2024 10:09 AM IST
ബാർബഡോസ്: മോശം കാലാവസ്ഥയെത്തുടർന്ന് വിൻഡീസിൽ കുടുങ്ങിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ബുധനാഴ്ച നാട്ടിലേക്ക് മടങ്ങിയേക്കും. ബെറില്‍ ചുഴലിക്കാറ്റിനോടനുബന്ധിച്ച് കനത്ത മഴപെയ്തിരുന്ന ബാർബഡോസിൽ കാലാവസ്ഥ മെച്ചപ്പെട്ടതോടെയാണ് ഇന്ത്യന്‍ ടീമിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങിയത്.
ബുധനാഴ്ച പുലർച്ചെ 3.30ന് പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തിലാവും താരങ്ങളും പരിശീലക സംഘവും നാട്ടിലേക്ക് മടങ്ങാന്‍ സാധ്യത. ബിസിസിഐ സെക്രട്ടറി ജയ് ഷാ അടക്കമുള്ള ബിസിസിഐ ഉന്നതരും ഇന്ത്യന്‍ ടീമിനൊപ്പം ബാര്ബഡോസിലുണ്ട്.
മുൻനിശ്ചയപ്രകാരം തിങ്കളാഴ്ച രാവിലെ ടീം ഇന്ത്യ ലോകകപ്പ് ട്രോഫിയുമായി ന്യൂഡൽഹിയിൽ എത്തേണ്ടതായിരുന്നു. ബാർബഡോസിൽ നിന്ന് ന്യൂയോർക്കിലേക്കും അവിടെ നിന്ന് ദുബായ് വഴി ഇന്ത്യയിലേക്കുമാണ് ഇന്ത്യന്‍ ടീമിന്റെ യാത്ര മുമ്പ് നിശ്ചയിച്ചിരുന്നത്.
എന്നാൽ, ബാർബഡോസിൽ കാറ്റഗറി നാലില്‍പ്പെടുന്ന ബെറില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നിരിക്കേ വ്യാമഗതാഗതം റദ്ദാക്കി. കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് ബാര്‍ബഡോസിലെ പ്രധാന വിമാനത്താവളം അടച്ചിരുന്നു. ഇതോടെയാണ് ഇന്ത്യൻ ടീമിനു ബാർബഡോസിൽ തുടരേണ്ടിവന്നത്.
ഇന്ന് ബാർബഡോസ് വിമാനത്താവളം താത്കാലികമായി തുറന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കിൽ രോഹിത്തും സംഘവും ഇന്ത്യയിലേക്ക് തിരിച്ചു പറക്കും.