ഇന്ത്യയ്ക്ക് ലോകകപ്പ് കിരീടം
Saturday, June 29, 2024 11:40 PM IST
ബാർബഡോസ്: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് കിരീടം ചൂടി ഇന്ത്യ. നീണ്ട 17 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഇന്ത്യയുടെ കിരീട നേട്ടം. 2007ൽ പ്രഥമ ട്വന്റി-20 ലോകകപ്പ് ജേതാക്കളായ ഇന്ത്യയുടെ രണ്ടാം കിരീടമാണിത്.
കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റണ്‍സിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റണ്‍സെടുക്കാനെ സാധിച്ചുള്ളു.
വേണ്ട സമയത്ത് ബാറ്റിംഗിൽ താളം കണ്ടെത്തിയ വിരാട് കോഹ്ലിയുടെ പോരാട്ട മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. ടോസ് നേടി ബാറ്റ് ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനം തെറ്റെന്ന് തോന്നിക്കും വിധമായിരുന്നു തുടക്കം. സ്കോർ ബോർഡിൽ 34 റണ്‍സുള്ളപ്പോൾ മൂന്നു വിക്കറ്റുകളാണ് നഷ്ടമായത്.
കേശവ് മഹാരാജ് എറിഞ്ഞ രണ്ടാം ഓവറിന്റെ നാലാം പന്തിൽ ഫോമിലുള്ള ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ (9) ഹെന്റിച്ച് ക്ലാസന്റെ കൈകളിലെത്തിച്ച് ഇന്ത്യക്ക് ആദ്യ അടി നല്കി. ഒരു പന്തിനു ശേഷം ഋഷഭ് പന്തും റണ്ണൊന്നുമെടുക്കാതെ പുറത്തായി. ക്വിന്റണ്‍ ഡി കോക്കാണ് ക്യാച്ച് നേടിയത്. രണ്ട് ഓവറിനുശേഷം കാഗിസോ റബാദ നാലു പന്തിൽ മൂന്നു റണ്‍സുമായി നിന്ന സൂര്യകുമാർ യാദവിനെ ക്ലാസന്റെ കൈകളിലെത്തിച്ചു. 4.3 ഓവറിൽ ഇന്ത്യ മൂന്നു വിക്കറ്റിന് 34 എന്ന നിലയിൽ തകർച്ചയെ നേരിടുകയായിരുന്നു.
ഈ ഘട്ടത്തിലാണ് സ്ഥാനക്കയറ്റം നേടിയെത്തിയ അക്സർ പട്ടേൽ കോഹ്ലിയുമായി ചേർന്നുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചത്. വൻ അടികൾക്കു മുതിരാതെ കോഹ്ലി ഒതുങ്ങിയപ്പോൾ പട്ടേൽ ആ കേട്തീർത്തു. നാലു സിക്സുകളും ഒരു ഫോറുമായി ദക്ഷിണാഫ്രിക്കയുടെ ബൗളിംഗ് ആക്രമണത്തോട് മറുപടി നല്കി. ഈ നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 54 പന്തിൽ നേടിയ 72 റണ്‍സിൽ 47 റണ്‍സും പട്ടേലിന്റെ ബാറ്റിൽ നിന്നായിരുന്നു.
എന്നാൽ 14-ാം ഓവറിന്റെ മൂന്നാം പന്തിൽ അപ്രതീക്ഷിതമായ റണ്ണൗട്ടിലൂടെ പട്ടേൽ പുറത്തായി. ഇന്ത്യയുടെ സ്കോർബോർഡ് അപ്പോൾ നാലു വിക്കറ്റിന് 106 റണ്‍സ് എന്ന നിലയായിരുന്നു. അതുവരെ നിരാശപ്പെടുത്തിക്കൊണ്ടിരുന്ന ശിവം ദുബെ, കോഹ്ലിയുമായി ചേർന്ന് അർധ സെഞ്ചുറി കൂട്ടുകെട്ട് സ്ഥാപിച്ചു. 33 പന്തിൽ 57 റണ്‍സാണ് ഈ സഖ്യം നേടിയത്.
19-ാം ഓവറിൽ കൂറ്റൻ അടിക്കുള്ള ശ്രമത്തിൽ കോഹ്ലി മാർകോ ജാൻസന്റെ പന്തിൽ കാഗിസോ റബാദയ്ക്കു ക്യാച്ച് നൽകി. 59 പന്തിൽ 76 റണ്‍സ് നേടിയ കോഹ്ലിയുടെ ബാറ്റിൽനിന്ന് ആറു ഫോറും രണ്ടു ഫോറുമാണ് പിറന്നത്. പിന്നീടുള്ള വിക്കറ്റ് വീഴ്ചകൾ വേഗത്തിലായി. ആൻറിച്ച് നോർക്യ എറിഞ്ഞ അവസാന ഓവറിൽ ഇന്ത്യക്ക് കാര്യമായി റണ്‍സ് നേടാനായില്ല, രണ്ടു വിക്കറ്റ് നഷ്ടമാകുകയും ചെയ്തു. ദുബെയും (16 പന്തിൽ 27), രവീന്ദ്ര ജഡേജയുമാണ് (2) പുറത്തായത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കും തുടക്കം പിഴച്ചു. ഓപ്പണർ റീസ ഹെൻഡ്രിക്സിനെ (4) തുടക്കത്തിൽതന്നെ ജസ്പ്രീത് ബുംറ പവലിയൻ കയറ്റി. പിന്നാലെ നായകൻ എയ്ഡൻ മാർക്രത്തെ (4) അർഷദീപ് സിംഗ് പന്തിന്റെ കൈകളിൽ എത്തിച്ചു.
പിന്നീട് ഓപ്പണർ ക്വിന്റണ്‍ ഡി കോക്കും ട്രിസ്റ്റൻ സ്റ്റബ്സും ചേർന്ന് ദക്ഷിണാഫ്രിക്കയെ മുന്നോട്ടു നയിച്ചു. ഇരുവരും ചേർന്ന് 58 റണ്‍സെടുത്തു. 21 പന്തിൽ 31 റണ്‍സെടുത്ത സ്റ്റബ്സിനെ അക്സർ പട്ടേൽ കറക്കി വീഴ്ത്തി.
പിന്നീട് ഹെന്റിച്ച് ക്ലാസന്റെ ക്ലാസിക്കിനാണ് ബാർബഡോസ് വേദിയായത്. ക്ലാസൻ 27 പന്തിൽ അഞ്ച് സിക്സും രണ്ട് ഫോറും ഉൾപ്പെടെ 52 റണ്‍സെടുത്തു. വെല്ലുവിളി ഉയർത്തിയ ക്ലാസനെ ഹാർദിക് പാണ്ഡ്യ തളച്ചു. ഇതിനിടെ ഡി കോക്കിനെ അർഷദീപ് സിംഗ് മടക്കി അയച്ചു. 31 പന്തിൽ 39 റണ്‍സായിരുന്നു ഡി കോക്കിന്റെ സന്പാദ്യം.
അവസാന ഓവറുകളിൽ ഡേവിഡ് മില്ലറും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തി. 17 പന്തിൽ 21 റണ്‍സെടുത്ത മില്ലറെ ത്രസിപ്പിക്കുന്ന ക്യാച്ചിലൂടെ സൂര്യകുമാർ വരുതിയിലാക്കി. ഹാർദിക്കിനായിരുന്നു വിക്കറ്റ്. ഇതോടെ കളി ഇന്ത്യയുടെ കൈകളിലായി.
ഇന്ത്യയ്ക്കായി ഹാർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ അർഷദീപ് സിംഗും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അക്സർ പട്ടേൽ ഒരു വിക്കറ്റും നേടി. കോഹ്ലിയെ കളിയിലെ താരമായും ബുംറയെ ടൂർണമെന്റിലെ താരവുമായി തെരഞ്ഞെടുത്തു.