ഫേസ്ബുക്ക് പോസ്റ്റ് പ്രശ്നം വഷളാക്കി; കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റിൽ പി. ജയരാജന് രൂക്ഷവിമർശനം
Saturday, June 29, 2024 5:06 PM IST
കണ്ണൂർ: കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ പി. ജയരാജന് വിമർശനം. മനു തോമസ് വിഷയത്തിൽ ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രശ്നം വഷളാക്കിയെന്നാണ് സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നത്.
ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് വിശദീകരിച്ച് അവസാനിപ്പിച്ച വിഷയം വീണ്ടും ഉയർത്തിക്കൊണ്ടുവന്നത് പി. ജയരാജനാണെന്നും അദ്ദേഹം ഇട്ട ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രശ്നം കൂടുതൽ വഷളായെന്നും വിമർശനമുണ്ടായി. ചില അംഗങ്ങൾ ജയരാജനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതായാണ് വിവരം.
ആകാശ് തില്ലങ്കേരി, അർജുൻ ആയങ്കി അടക്കമുള്ള ക്വട്ടേഷൻ സംഘങ്ങൾ വീണ്ടും പാർട്ടിക്കുവേണ്ടി വാദിക്കാൻ ഇടയാക്കിയത് പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണെന്നും സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു.
മനു തോമസ് വിഷയത്തിൽ പി. ജയരാജനെ പിന്തുണച്ച് സംസാരിക്കാൻ ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവും തയായിരുന്നില്ല.