നീറ്റ് ചോദ്യ ചോർച്ച: ജാർഖണ്ഡിൽ സ്കൂൾ പ്രിൻസിപ്പലും വൈസ് പ്രിൻസിപ്പലും അറസ്റ്റിൽ
Friday, June 28, 2024 8:42 PM IST
ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജാർഖണ്ഡിലെ ഹസാരിബാഗിലെ ഒരു സ്കൂളിലെ പ്രിൻസിപ്പലിനേയും വൈസ് പ്രിൻസിപ്പലിനേയും സിബിഐ അറസ്റ്റ് ചെയ്തു. ഒയാസിസ് സ്കൂൾ പ്രിൻസിപ്പൽ എഹ്സനുൽ ഹഖ്, വൈസ് പ്രിൻസിപ്പൽ ഇംതിസാസ് ആലം എന്നിവരാണ് അറസ്റ്റിലായത്.
മേയ് അഞ്ചിന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തിയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ ഹസാരിബാഗിന്റെ സിറ്റി കോർഡിനേറ്ററായിരുന്നു എഹ്സനുൽ ഹഖ്. ഇംതിയാസ് ആലം എൻടിഎ നിരീക്ഷകനായും ഒയാസിസ് സ്കൂളിലെ സെന്റർ കോർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു.
ചോദ്യപേപ്പർ ചോർച്ച കേസുമായി ബന്ധപ്പെട്ട് ജില്ലയിൽ നിന്നുള്ള അഞ്ച് പേരെ കൂടി സിബിഐ ചോദ്യം ചെയ്യുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. ഒയാസിസ് സ്കൂളിൽനിന്നുമാണ് ചോദ്യ പേപ്പർ മുഖ്യപ്രതി സഞ്ജീവിന് ലഭിച്ചതെന്നാണ് സൂചന. അതേസമയം പേപ്പർ ചോർച്ചയ്ക്ക് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വ്യാഴാഴ്ച സിബിഐ കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ ബിഹാറിൽനിന്നും അറസ്റ്റു ചെയ്തിരുന്നു. മനീഷ് പ്രകാശ്, അശുതോഷ് കുമാർ എന്നിവരെയാണ് സിബിഐ അറസ്റ്റു ചെയ്തത്.